കാസര്‍ഗോഡ്- മംഗളൂരു ദേശീയപാതയില്‍ കൂട്ട വാഹനാപകടം

കാസര്‍ഗോഡ്: കാസര്‍ഗോഡ്- മംഗളൂരു ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ കൂട്ട വാഹനാപകടം. ടൂറിസ്റ്റ് ബസും കാറുകളും ബൈക്കും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതിനുശേഷമുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍ഗോഡ് കിംസ് ആശുപത്രിയിലും മംഗളൂരുവിലെ ആശുപത്രികളിലേക്കും മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്.
അടുക്കത്ത് ബയല് ജിയുപി സ്കൂളിന് സമീപമായിരുന്നു അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും രണ്ട് ബൈക്കും എതിരെ വന്ന ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. വളരെ പെട്ടെന്നുതന്നെ പൊലീസും ഫയര്‍ഫോഴ്സും കുതിച്ചെത്തി. ബസിന്റെ അടിയിലാണ് രണ്ടു ബൈക്കും ഉണ്ടായിരുന്നത്.

കിംസ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയാണ് മരിച്ചത്. ഇവിടെ അപകടത്തില്‍ പരിക്കേറ്റ മേല്‍പറമ്ബ് സ്വദേശിയായ ലിസ്വാന്‍ എന്നയാള്‍ ഉള്‍പെടെ മൂന്നുപേര്‍ ചികിത്സയിലുണ്ട്. റോഡിലെ കുഴിമൂലം വെട്ടിച്ചുമാറ്റാനുള്ള ശ്രമത്തിനിടയില്‍ ബസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റു വാഹനങ്ങളും അപകടത്തില്‍ പെട്ടു. ബസുമായി കൂട്ടിയിടിച്ച കാര്‍ ഭാഗികമായി തകര്‍ന്നു.

കോരിച്ചൊരിയുന്ന മഴയത്ത് റോഡ് വ്യക്തമാകാതിരുന്നതും അപകടത്തിന് കാരണമായതായി സംശയിക്കുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

