KOYILANDY DIARY.COM

The Perfect News Portal

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശശി തരൂര്‍ കോടതിയെ സമീപിച്ചു

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ദില്ലി പാട്യാല ഹൗസ് കോടതിയെ സമീപിച്ചു. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. സുനന്ദ കേസില്‍ അടുത്തുതന്നെ കോടതിയില്‍ ഹാജരാകാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യം തേടിയുള്ള തരൂരിന്റെ നീക്കം.

ജൂലൈ ഏഴിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ദില്ലി കോടതി നേരത്തെ തരൂരിന് സമന്‍സ് അയച്ചിരുന്നു. തരൂരിനെതിരായ കേസിലെ കുറ്റപത്രവും കോടതി ഫയലില്‍ സ്വീകരിച്ചു. സുനന്ദ പുഷകറിന്റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയും ഭര്‍ത്താവായ തരൂരിനെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയും ദില്ലി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് ഫയലില്‍ സ്വീകരിക്കുന്നതായി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ ഉത്തരവിട്ടത്. തുടര്‍ന്ന് വിചാരണാ നടപടികള്‍ ആരംഭിക്കാനായി ജൂലൈ ഏഴാം തീയതി തരൂര്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി സമന്‍സ് അയക്കുകയായിരുന്നു.

2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നുകളുടെ അമിത ഉപയോഗത്തെ തുടര്‍ന്നാണ് സുനന്ദയുടെ മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പിന്നാലെ സുനന്ദയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ശശി തരൂരിനെതിരേ ആരോപണമുയര്‍ന്നിരുന്നു. എങ്കിലും വിശദമായ അന്വേഷണത്തില്‍ കൃത്യമായ തെളിവുകളൊന്നും കണ്ടെത്താന്‍ ദില്ലി പൊലീസിന് സാധിച്ചിരുന്നില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *