KOYILANDY DIARY.COM

The Perfect News Portal

“മുറ്റത്തെ മുല്ല” എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്‌പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനമായ നടപടികള്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ലഘു വായ്‌പകള്‍ ലഭ്യമല്ലാത്തതും അതിനായി പുറകെ നടക്കേണ്ടി വരുന്നതുമൊക്കെ ഇത്തരം നൂലാമാലകളില്ലാത്ത വട്ടിപ്പലിശക്കാരുടെ അടുത്തേക്ക് ആളുകളെ എത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊരു പോംവഴി എന്ന നിലക്ക് ലളിതമായ വ്യവസ്ഥകളില്‍ വീട്ടുമുറ്റത്ത് ചെന്ന് ഏറ്റവും കുറഞ്ഞ പലിശയ്‌ക്ക് ലഘുവായ്‌പ നല്‍കുകയും ആഴ്‌ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്‌പാ തുക ഈടാക്കുകയും ചെയ്യുന്ന ‘മുറ്റത്തെ മുല്ല’ പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്‌തു നടപ്പാക്കുകയാണ്. സംസ്ഥാന സഹകരണവകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വായ്‌പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച്‌ ഓരോ വാര്‍ഡിലെയും ഒന്നുമുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ വായ്‌പാ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്‌ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisements

വായ്‌പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പതുശതമാനം പലിശ നിരക്കില്‍ ക്യാഷ് ക്രഡിറ്റ് വായ്‌പയായി അനുവദിക്കും. നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്‌പകള്‍ക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ ക്യാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്‌പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് വായ്‌പ നല്‍കുന്നതിനോ, മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല.

പലിശക്കാരുടേയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്ബനികളുടെയും കെണിയില്‍പെട്ടവരെയും അത്തരം സാഹചര്യത്തില്‍ തുടരുന്നവര്‍ക്കുമാണ് വായ്‌പ അനുവദിക്കുക.പാലക്കാട് ജില്ലയിലാണ് ‘മുറ്റത്തെ മുല്ല’ ആദ്യം നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് വിലയിരുത്തി എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *