പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ ആറുമണിക്കൂറിനുശേഷം പൊലീസെത്തി മോചിപ്പിച്ചു

തിരുവനന്തപുരം: പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ ആറുമണിക്കൂറിനുശേഷം പൊലീസെത്തി മോചിപ്പിച്ചു. മാക്കോട്ടുകോണം നാടൂര്‍കൊല്ലയില്‍ എസ്.ബി ഭവനില്‍ പരേതനായ ശിംഷോണിന്റെ ഭാര്യ ബിന്ദുവിനെയാണ് സമീപവാസിയായ യശോദ എന്ന സ്ത്രീ അവരുടെ വീട്ടില്‍ പൂട്ടിയിട്ടത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ശിംഷോണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് യശോദയില്‍ നിന്ന് മുപ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മുതലടക്കം അറുപതിനായിരം രൂപവരെ ഇവര്‍ക്ക് തിരിച്ച് നല്‍കിയിരുന്നു. എന്നാല്‍, ഇനിയും കിട്ടാനുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി യശോദ 5 സെന്റിന്റെ പ്രമാണം കൈക്കലാക്കി. ഇതിനു പുറമെ വീട് നില്‍ക്കുന്ന സ്ഥലം കൂടി ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് വിസമ്മതിച്ച ബിന്ദുവിനെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന പ്രദേശത്തെ സി.പി.എം നേതാവിന്റെ സഹായത്തോടെ വിളിച്ചുവരുത്തി വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. അതോടെ ബിന്ദു സി.പി.ഐ യുടെ പ്രാദേശിക നേതാവ് മുഖാന്തിരം വിവരം വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് മാരായമുട്ടം പൊലീസ് എത്തി രാത്രി പത്തുമണിയോടെ ബിന്ദുവിനെ രക്ഷപ്പെടുത്തി. ഇരുകൂട്ടരേയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു.

