മാഹി മേഖലയിലും കണ്ണൂര്‍ ജില്ലയിലും കനത്ത സുരക്ഷാസന്നാഹം

മാഹി: മാഹിയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാഹി മേഖലയിലും കണ്ണൂര്‍ ജില്ലയിലും കനത്ത സുരക്ഷാസന്നാഹം. എംഎസ്പിയുടെ ഒരു കമ്പനിയെ തലശേരി മേഖലയില്‍ വിന്യസിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങള്‍ നടന്ന മാഹി മേഖലയിലെ സുരക്ഷ. മൂന്ന് കമ്പനി ദ്രുതകര്‍മ സേനയെ പാനൂര്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സംഘര്‍ഷമേഖലകളില്‍ പോലീസ് പിക്കറ്റിംഗ് ശക്തമാക്കി. വിലാപയാത്ര കടന്നുപോകുന്ന വഴിയരികിലും ദ്രുതകര്‍മസേനയെ ഉള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്ന് 50 പേരടങ്ങുന്ന ഐആര്‍ബി ബറ്റാലിയന് ഉച്ചകഴിഞ്ഞ് രണ്ടോടെ മാഹിയില്‍ എത്തിച്ചേരും.
സിപിഎം നേതാവ് പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാബു (45), ആര്‍എസ്എസ് നേതാവ് പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയില് ഷമേജ് (41)എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്ത്താല്കണ്ണൂര് ജില്ലയിലും മാഹിയിലും പൂര്‍ണമാണ്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസിയും അപൂര്‍വ്വം സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.

കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പള്ളൂര്‍ എസ്ഐയുടെ ചുമതല വഹിക്കുന്ന വിബിന്‍കുമാര്‍ പറഞ്ഞു. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.ഷണ്മുഖത്തിനാണ് അന്വേഷണ ചുമതല. സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് നാലംഗസംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. പരിയാരം മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിലാപയാതയായി കൊണ്ടുവരുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. തലശേരി പുതിയ ബസ്സ്റ്റാന്‍ഡിലും പള്ളൂര്‍ ബിടിആര്‍ മന്ദിരത്തിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാകും സംസ്കാരം.ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉച്ചയ്ക്ക് 12 ഓടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വിലാപയാത്രയായി നാട്ടിലേക്കു കൊണ്ടുവരും. രണ്ടരയോടെ മാഹി പാലത്തിന് സമീപം പൊതുദര്‍ശനത്തിനു വച്ച ശേഷം മൂന്നോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മ്പോ മ്പ

കണ്ണൂര്‍ പോലീസ് ചീഫ് ജി. ശിവവിക്രം, എഎസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് തലശേരി മേഖലയിലെ സുരക്ഷ. അപ്രതീക്ഷിതമായുണ്ടായ കൊലപാതകങ്ങള്‍ മാഹി മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകങ്ങള്‍ക്ക് ശേഷം മറ്റ് അക്രമസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മാഹി മേഖല വിജനമാണ്. പ്രദേശത്തെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം മാഹിയില്‍ വേണ്ടത്ര പോലീസുകാരില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. മാഹി പോലീസ് സൂപ്രണ്ട് ആര്.രാധാകൃഷ്ണ, പള്ളുര്‍ എസ്ഐ വിബല്‍കുമാര്‍ എന്നിവര്‍ അവധിയിലാണ്. രാവിലെ മാഹി – പന്തക്കല്‍ റൂട്ടില്‍ പുതുച്ചേരി സര്‍ക്കാരി ന്റെ പിആര്‍ടിസി ബസുകള്‍ രാവിലെ സര്‍വ്വീസ് നടത്തിയെങ്കിലും പിന്നീട് ഓട്ടം നിറുത്തി. സഹകരണ മേഖലയിലെ ബസുകള്‍ നിരത്തിലിറങ്ങിയില്ല.പുതുച്ചേരിയില്‍ നിന്നു മാഹിക്കുള്ള ബസ് രാവിലെ മാഹിയില്‍ എത്തി.
