KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയില്‍ ബിഫാം പഠിക്കാനായെത്തിയ സുഡാനി സ്വദേശി ലഹരിമരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായി

കൊച്ചി: സുഡാനില്‍ നിന്നും ഇന്ത്യയില്‍ ബിഫാം പഠിക്കാനായെത്തിയ സുഡാനി സ്വദേശി ലഹരിമരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായി. സുഡാന്‍ സ്വദേശി ഈറോഡില്‍ വാടകയ്ക്കു താമസിക്കുന്ന ബാഷര്‍ കമാല്‍ (28) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം മരട് അയിനി നടയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഫൊട്ടോഗ്രഫര്‍ തിരുവനന്തപുരം പട്ടം സുലോചന വിലാസം വീട്ടില്‍ ബോറിസ് റാം (28) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വാട്‌സാപ് ഗ്രൂപ്പ് വഴി കഞ്ചാവും മറ്റു ലഹരി മരുന്നും വിപണനം നടത്തി വരികയായിരുന്നു ഇരുവരും.

കൊച്ചി കേന്ദ്രമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സുഡാനില്‍ നിന്നും തമിഴ്‌നാട്ടിലെ സേലത്ത് ബിഫാം പഠിക്കാന്‍ എത്തിയതായിരുന്നു ബാഷര്‍ കമാല്‍. 2014ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഇയാള്‍ പരീക്ഷ പാസായില്ല. ഇതിനെ തുടര്‍ന്ന് പരീക്ഷ എഴുതി പാസാകുവാനായി കോളേജ് അധികൃതരുടെ പ്രത്യേക അപേക്ഷ പ്രകാരം വിസ കാലാവധി നീട്ടി കിട്ടി. ഇതിനിടയിലാണ് ഇയാള്‍ക്ക് മാതാപിതാക്കള്‍ പഠനത്തിനുള്ള ചെലവ്ക്കായി പണം അയച്ചു നല്‍കാതായി. പണത്തിന് ബുദ്ധിമുട്ട് വന്നതോടെ കോളേജിലെ ഒരു സുഹൃത്ത് വഴിയാണ് ലഹരി മരുന്ന് വില്‍പ്പനയ്ക്കായി ഇറങ്ങി തിരിച്ചത്.

കഞ്ചാവ് വില്‍പ്പനയായിരുന്നു തുടക്കം. പിന്നീട് എഡിഎംഎ ഗുളികളുടെ കച്ചവടവും തുടങ്ങി. കോളേജിലെ സുഹൃത്തിനൊപ്പം കൊച്ചിയില്‍ അടുത്തിടെ നടന്ന ഒരു ഡി.ജെ പാര്‍ട്ടിയില്‍ ബാഷര്‍ പങ്കെടുക്കാനെത്തി. ഇവിടെ വച്ചാണ് ബോറിസ് റാമിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പങ്കു കച്ചവടക്കാരാകുകയായിരുന്നു. ബോറിസ് ആവശ്യപ്പെടുമ്ബോള്‍ ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുകയാണ് ബാഷറിന്റെ ജോലി. വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി നിരവധി ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലക്ഷകണക്കിന് രൂപയുടെ ലഹരിമരുന്നാണ് വില്‍പ്പന നടത്തിയത്. പ്രത്യേക വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച്‌ ഇതുവഴിയായിരുന്നു ഇടപാടുകള്‍. സ്‌ക്കൂള്‍ കോളേജ് കുട്ടികളും യുവാക്കളുമായിരുന്നു പ്രധാന ഇടപാടുകാര്‍.

Advertisements

ബോറിസ് റാം മിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. പ്രമുഖരായ സിനിമ പ്രവര്‍ത്തകര്‍ക്കും ഇയാള്‍ ലഹരി മരുന്ന് എത്തിച്ചു നല്‍കുന്നുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ടി.ബിജി ജോര്‍ജ്ജിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസ് എസ്‌ഐ എ.ബി. വിബിന്‍, പനങ്ങാട് എസ്‌ഐ റെജിന്‍ എം. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.സിപിഒ മാരായ ടി.പി. അഫ്‌സല്‍, ഹരിമോന്‍, സാനു, വിശാല്‍, രഞ്ജിത്, ശ്യാം, ഷാജി, യൂസഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഒരു ഇടപാടുകാരന് ലഹരി മരുന്ന് കൈമാറാന്‍ ശ്രമിക്കുമ്ബോഴാണ് ഇരുവരും പിടിയിലാകുന്നത്. അര കിലോഗ്രാം കഞ്ചാവ്, വൈറ്റ്, ബ്രൗണ്‍ നിറങ്ങളിലെ എംഡിഎംഎ പത്തു ഗ്രാം, ഗുളിക എന്നിവയാണു ഇവരുടെ പക്കല്‍ നിന്നും പിടിച്ചത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *