റവലൂഷനറി യൂത്തിന്റെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

വടകര: വിവാഹ ചടങ്ങുകളില്‍ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റവലൂഷനറി യൂത്തിന്റെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും,കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച് ആര്‍.എം.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ലിനീഷ് ഉദ്ഘാടനം ചെയ്തു.
2014 മുതല്‍ വടകര സദയം സ്റ്റുഡിയോയില്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാരനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കൂട്ടുപ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, വര്‍ഷങ്ങളായി സ്റ്റുഡിയോയുടെ മറവില്‍ നടത്തിയ മോര്‍ഫിംഗ് ഇടപാടുകള്‍ സമഗ്രമായി അന്വേഷിച്ച് കേസിലെ കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും അല്ലാത്ത പക്ഷം സമരസമിതിയുമായി ചേര്‍ന്ന് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ടി.കെ സിബി,വി.പി ശശി,ജി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.മാര്‍ച്ചിന് എം.കെ സജീഷ്, ടി.പി മനീഷ്, ടി.എം മഹേഷ്, അപര്‍ണ.ആര്‍, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.

