KOYILANDY DIARY.COM

The Perfect News Portal

സിപിഎമ്മില്‍ ഇനി വിഭാഗീയത ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: സിപിഎമ്മില്‍ ഇനി വിഭാഗീയത ഇല്ലെന്നും ഒറ്റ ശബ്ദം മാത്രമേയുള്ളൂവെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും നേതാവിനൊപ്പമോ നേതാക്കന്മാര്‍ക്കൊപ്പമോ അല്ല പാര്‍ട്ടി. പാര്‍ട്ടിക്ക് കീഴിലാണ് നേതാക്കന്മാര്‍ നില്‍ക്കുന്നത്. ഈ സംസ്ഥാന സമ്മേളനം അവസാനിച്ചതോടെ വിഭാഗീയതയില്‍ മാറ്റം വന്നുവെന്നും കോടിയേരി പറഞ്ഞു. ‘ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്തും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല.

മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ട്ടിക്കു സംവിധാനമുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും അദ്ധേഹം പറഞ്ഞു. സമ്മേളനത്തിലെ യച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെയല്ല. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണു കേന്ദ്രകമ്മിറ്റി തീരുമാനം. അതാണു കേരളത്തില്‍ നടപ്പാക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചേരണമെന്ന് സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ – കോടിയേരി വ്യക്തമാക്കി. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു.

തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്. മറ്റൊരാളുടെ പേരും പാര്‍ട്ടിയുടെ പരിഗണനയിലില്ലായിരുന്നു. മക്കളുടെ വിവാദത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പുറത്തുയര്‍ന്ന വിമര്‍ശനങ്ങളൊന്നും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടില്ല. ഒരേ പദവിയില്‍ മൂന്നു തവണ തുടരാമെന്നതാണു പാര്‍ട്ടി നയം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *