ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു

കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചത്. ജൂണോടെ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
റെയില്‍പാളത്തിനടിയില്‍ മണ്ണുമാറ്റി അവിടെ അടിപ്പാതയ്ക്കായി 15 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മഴകാരണം പണി തുടങ്ങാനായില്ല. അതോടെ കോണ്‍ക്രീറ്റ് പെട്ടികള്‍ സ്ഥാപിച്ച ഭാഗം മണ്ണിട്ട് മൂടിയിട്ടിരിക്കുകയായിരുന്നു.

ഈ മണ്ണ് എടുത്തു മാറ്റുന്ന പ്രവൃത്തിയാണ് വ്യാഴാഴ്ച തുടങ്ങിയത്. ഇനി പഴയ ബപ്പന്‍കാട് റോഡിലേക്ക് 35 മീറ്റര്‍ നീളത്തില്‍ അടിപ്പാതയിലേക്ക് വഴിയൊരുക്കുന്ന പ്രവൃത്തിയാണ് നടക്കുക. ഇതോടൊപ്പം വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാലും നിര്‍മിക്കണം.

മൂന്നു മീറ്റര്‍ വീതിയാണ് അടിപ്പാതയ്ക്കുള്ളത്. അടിപ്പാതയ്ക്കുള്ളില്‍ തന്നെ ചെറിയ നടപ്പാതയും ഒരുക്കും. ഓട്ടോറിക്ഷകള്‍ക്ക് കടന്നു പോകാനുള്ള വീതി അടിപ്പാതയ്ക്കുണ്ടാകും. ഇതിനുള്ളില്‍ വെളിച്ചമെത്തിക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കേണ്ടിവരും. മഴവെള്ളം അടിപ്പാതയിലേക്ക് കടക്കാതിരിക്കാന്‍ മുകളില്‍ ഷീറ്റ് വിരിക്കും. .

