മന്ത് രോഗ ബോധവല്‍ക്കരണം നടത്തി

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റ്യാടിയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ശക്തമാക്കി. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയില്‍ നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മെഗാ സ്ക്രീനിംഗ് ക്യാമ്പില്‍ നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കാളികളായി.
ദിവസങ്ങള്‍ക്ക് മുമ്പ് തളീക്കരയിലെ കെട്ടിടമുറികളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ രക്ത പരിശോധനയിലാണ് 6 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിക്കുകയും നാല്‍പതിലേറെ പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തുകയും ചെയ്തത്. പലയിടങ്ങളിലും രോഗം പടരുന്ന തരത്തിലുള്ള അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.

പല കെട്ടിടങ്ങളുടെയും സ്ഥിതി ശോചനീയമാണ്. തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുന്നത് പോലും കുളിമുറിക്കും, കക്കൂസിനടുത്തും വച്ചാണ്. കുറ്റ്യാടിമേഖലയില്‍ അയ്യായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് കെ.ജമീല, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.മുരളീധരന്‍, വാര്‍ഡ് മെമ്ബര്‍ കെ.വി.ജമീല എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന സ്ക്രീനിംഗ് ക്യാമ്ബിന് ആരോഗ്യ പ്രവര്‍ത്തകരായ എ.കെ.ബാബു, സി.എം.ഗോപാലന്‍, എം.പി.പ്രേ മജന്‍, ഇ.പി.സുരേഷ്, കെ.കെ.മനോജ്, പി.പി .വേണുഗോപാല്‍, അശ്വതി, ജിജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുറ്റ്യാടിയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലെയും, ലോഡ്ജുകളിലെയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

