അമ്പരപ്പുളവാക്കി കൊയിലാണ്ടി ബോയസ് സ്‌കൂളിൽ ഇവാക്വേഷൻ ഡ്രിൽ

കൊയിലാണ്ടി: സ്കൂൾ കെട്ടിടത്തിന് തീപിടിച്ചു. കോൺക്രീറ്റ് ടെറസിന് മുകളിൽ പുകച്ചുരുൾ നിവർന്ന് തീ ആളിപ്പടർന്നു. തൊട്ടടുത്ത ക്ലാസ്സ് മുറികളിൽ നിന്ന് കുട്ടികൾ പുറത്തേക്കൊഴുകി, പിന്നാലെ ആകാംക്ഷാഭരിതരായി അധ്യാപകരും പക്ഷെ വിദ്യാർത്ഥികൾക്കിടയിൽ ചിലർ അമ്പരന്നില്ല പരിഭ്രാന്തരായില്ല- ബഹളം വെച്ചില്ല. തീ ആളിപ്പടരുന്നതിനിടയിൽ അവർ പുറത്തിറങ്ങി മറ്റു മുറികളിൽ അകപ്പെട്ടവരെ ഒഴിപ്പിച്ച് നിരദ്ദിഷ്ട പോയിന്റിലേക്കെത്തിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ഫയർ യൂണിറ്റ് എത്തി കെട്ടിടത്തിന് മുകളിലെ അഗ്നിബാധ അണച്ചു.
ദുരന്തത്തിനിടയിൽ കാണാതായവരെ കണ്ടെത്തി ട്രച്ചറിൽ രക്ഷപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകാൻ എൻ.എസ്.എസ് വളണ്ടിയർമാർ ഉണർന്നു പ്രവർത്തിച്ചു. കെട്ടിടത്തിന് മുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് കോണി ഉപയോഗിച്ച് തോളിലേറ്റി താഴെയിറക്കി. മറ്റൊരാളെ റോപ്പിൽ കെട്ടുണ്ടാക്കി താഴെ എത്തിച്ചു. ഇതോടെ രംഗം കൂളായി. സ്കൂൾ അങ്കണത്തിന് പുറത്ത് അങ്കലാപ്പോടെ രംഗം വീക്ഷിച്ചവർക്ക് പിന്നീടാണ് കാര്യം കളിയാണെന്നും പിന്നെ കളി കാര്യമാണെന്നും പിടികിട്ടിയത്.

കൊയിലാണ്ടി ഫയർസ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഫയർ ഇവാക്വാഷൻ ഡ്രിൽ ആയിരുന്നു രംഗം. സ്കൂളിൽ അഗ്നിബാധയോ അപകടമോ ഉണ്ടായാൽ എങ്ങിനെ നേരിടണമെന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പൊലീസ്, റവന്യു അധികൃതരും കേന്ദ്രത്തിലെത്തിയിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, അസി: സ്റ്റേഷൻ ഓഫീസർ കെ.സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻമാരായ കെ.ടി.രാജീവൻ, കെ. പ്രദീപ്, പി.കെ. ബാബു, വിജയൻ, ഫയർമാൻ ഷൈജു, പ്രശാന്ത്, മനോജ്, ബിജുകുമാർ, ഷിജിത്ത്, സജീഷ്, സഹീർ, അനൂപ്, സത്യനാഥ്, ബിജേഷ്, വിജീഷ്, സത്യൻ, ഓംപ്രകാശ്, നാരായണൻ എന്നിവർ പങ്കെടുത്തു.

