KOYILANDY DIARY.COM

The Perfect News Portal

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തി. ഇതിന്റെ പകര്‍പ്പ്, ശ്രീജിവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് വിജ്ഞാപനത്തിന്റെ കോപ്പി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ സമരപ്പന്തലില്‍ എത്തി കൈമാറി.

നേരത്തെ, സിബിഐ അന്വേഷണം ആരംഭിച്ചത് സംബന്ധിച്ച രേഖ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ സിബിഐ അന്വേഷണം സംബന്ധിച്ചുള്ള വിജ്ഞാപനത്തിന്റെ പകര്‍പ്പ് ശ്രീജിത്തിന് കൈമാറിയത്. സഹോദരന്റെ മരണം സംബന്ധിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് 771 ദിവസത്തിലേക്ക് കടക്കുമ്ബോഴാണ് സിബിഐ അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്.

Advertisements

കഴിഞ്ഞദിവസം ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. മുഖമന്ത്രിക്ക് മുന്നില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങളിലും പരാതികളിലും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും സമരപ്പന്തലില്‍ എത്തിയ എംവി ജയരാജന്‍ അറിയിച്ചു.

അതേസമയം, സമരപ്പന്തലില്‍ എത്തി സിബിഐ അന്വേഷണത്തിന്റെ വിജ്ഞാപനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ കൈമാറിയെങ്കിലും അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് സമരം നടത്തുന്ന ശ്രീജിത്ത് വ്യക്തമാക്കി. ഇക്കാര്യം തന്നെ വന്നുകണ്ട ജയരാജനെയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയെയും ശ്രീജിത്ത് അറിയിച്ചു. അന്വേഷണം തുടങ്ങുന്നത് വരെ സമരം തന്റെ മകന്റെ സമരം തുടരുമെന്ന് ശ്രീജിത്തിന്റെ മാതാവും പ്രതികരിച്ചു.

2014 മേയ് 21 ന് പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരണപ്പെടുന്നത്. തുടര്‍ന്ന് സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സെക്രട്ടറിയറ്റ് പടിക്കല്‍ സമരം ആരംഭിക്കുകയായിരുന്നു. സമരം രണ്ട് വര്‍ഷത്തോളമായി തുടര്‍ന്നെങ്കിലും കഴിഞ്ഞിടെ അന്വേഷണ ആവശ്യമുന്നയിച്ച്‌ ശ്രീജിത്ത് നിരാഹാരസമരം ആരംഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുത്തത്. ശ്രീജിത്തിന് പിന്തുണയറിയിച്ച്‌ സുഹൃത്തുക്കള്‍ റിലേ നിരാഹാരവും ആരംഭിച്ചിരുന്നു.

നേരത്തെ, സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള ശ്രീജിത്തിന്റെ രണ്ടുവര്‍ഷത്തോളമായുള്ള സമരം സോഷ്യമീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ആഭ്യന്തര സഹമന്ത്രിയെയും സന്ദര്‍ശിച്ച്‌ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്മതിച്ചെന്ന കാര്യം ഇരു എംപിമാരും ശ്രീജിത്തിനെയും കുടുംബത്തെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സമരം നടത്തുന്ന ശ്രീജിത്തും കുടുംബവും സ്വീകരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *