KOYILANDY DIARY.COM

The Perfect News Portal

ത്രിതല പഞ്ചായത്തുകള്‍ക്ക് സമഗ്ര വികസന പദ്ധതി

കോഴിക്കോട്: ജില്ലയില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇനി സമഗ്ര വികസന പദ്ധതി. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതികള്‍ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പതിനേഴു വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു സമഗ്രപദ്ധതി ആസൂത്രണം ചെയ്യുന്നത്.

മൂന്നു തലങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ ഏകോപിപ്പിച്ച്‌ ജില്ലയ്ക്ക് സമഗ്രപദ്ധതിയുണ്ടാക്കാന്‍ രണ്ടായിരത്തില്‍ രേഖയുണ്ടാക്കിയിരുന്നെങ്കിലും അത് പ്രായോഗികമാക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത സാമ്ബത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം മൂന്നു തലങ്ങളിലെയും സ്ഥാപനങ്ങളെ ഫലപ്രദമായി ഏകോപിപ്പിച്ചുകൊണ്ട് നടത്താനാണ് ലക്ഷ്യമിടുന്നത്.

ജില്ലാ പദ്ധതി രൂപവത്കരണത്തിനായുള്ള വികസനസെമിനാര്‍ കണ്ടംകുളം ജൂബിലി ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതിയാണ് സെമിനാര്‍ നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിദഗ്ധരും ഉള്‍പ്പെടുന്ന ഉപസമിതികള്‍ കരട് പദ്ധതിയാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്. കൃഷി, പശ്ചാത്തല വികസനം, വിദ്യാഭ്യാസം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിലുള്ള 19 ഉപസമിതികളാണ് ചര്‍ച്ച നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സമഗ്രപദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും. ഫെബ്രുവരി പകുതിയോടെ പദ്ധതിക്ക് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ.

Advertisements

ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. കരട് പദ്ധതി രൂപരേഖ കാരാട്ട് റസാഖ് എം.എല്‍.എ.യ്ക്ക് നല്‍കി പുരുഷന്‍ കടലുണ്ടി എം.എല്‍.എ. പ്രകാശനം ചെയ്തു. ഡോ.എം.കെ. മുനീര്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ. ഷീല, മുക്കം മുഹമ്മദ്, അഹമ്മദ് പുന്നക്കല്‍, എ.എം. വേലായുധന്‍, എം. രാധാകൃഷ്ണന്‍, പി.ടി. അബ്ദുള്‍ ലത്തീഫ്, ആര്‍. ബലറാം, ഭാനുമതി, ഡോ. ബാബു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *