ആചാരങ്ങള്‍ കൃത്യമായി അറിയാത്തവര്‍ സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ്: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ആചാരം കൃത്യമായി അറിയാത്ത അല്പജ്ഞാനികള്‍ ചെയ്യുമ്പോള്‍ അത് ദുരാചാരമായി മാറുമെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ മുതലക്കുളത്ത് നടക്കുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആചാരങ്ങളും ജനനന്മയ്ക്കുള്ളതാണ്. ആചാരങ്ങള്‍ കൃത്യമായി അറിയാത്തവര്‍ സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്നും സ്വാമി പറഞ്ഞു. അനുഷ്ഠാനമാര്‍ഗത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ ദുരാചാരങ്ങള്‍ ഇല്ലാതെയാവും. പ്രത്യക്ഷമായ ഒരുതലം മാത്രം നോക്കിക്കൊണ്ട് ദുരാചാരമെന്നോ സദാചാരമെന്നോ പറയാന്‍ കഴിയുകയില്ല. ആത്മവിചാരത്തോടെ കാര്യങ്ങള്‍ ചെയ്യാനാണ് ഭഗവദ്ഗീത നല്‍കുന്ന ഉപദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

കൃതാര്‍ഥരായ സന്യാസിമാര്‍ക്ക് ലോകത്തെ നന്നാക്കാന്‍ സമൂഹത്തോട് അസത്യം പറയേണ്ടതില്ല. നമ്മുടെ കര്‍മത്തിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ഭഗവദ്ഗീത മൂന്നാം അധ്യായത്തിലെ ശ്ലോകങ്ങളെ ആധാരമാക്കി ദിവസവും വൈകീട്ട് ആറുമുതല്‍ നടക്കുന്ന പ്രഭാഷണ പരമ്ബര 18-ന് സമാപിക്കും.

