മുടൂര് വളവില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു: 4 പേർക്ക് പരുക്ക്

ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുടൂര് വളവില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലെ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. അപകടത്തില്‍ നിസ്സാരപരിക്കേറ്റ ശ്രീരാഗ് വേങ്ങേരി (22), രാജേഷ് വടകര (25), അജിത്ത് വടകര (22), ഷിഖില്‍ (23), ബേപ്പൂര്‍ തുടങ്ങിയവരെ ഓമശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരി ഭാഗത്തുനിന്ന് അതിവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി വളവില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച് കാറിന് നേരേ വന്നപ്പോള്‍ വെട്ടിച്ച് ഇടത്ത് ഭാഗത്തേക്ക് ഒടിച്ച കാര്‍ 30 അടി താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. ടിപ്പര്‍ ലോറി നിര്‍ത്താതെ കടന്നുകളഞ്ഞു.

സംസ്ഥാനപാതയില്‍ മുടൂരും മാങ്ങാടും അപകടങ്ങള്‍ പതിവായിട്ടും റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡോ, സ്റ്റോപ്പ് ആന്‍ഡ് പ്രൊസീഡ് ബോര്‍ഡോ വെക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം ടിപ്പര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചതും മുടൂര് ആയിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഏറെയും ടിപ്പര്‍ ലോറികളുടെ അതിവേഗം കാരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസേന ആയിരത്തിയഞ്ഞൂറിന് മുകളില്‍ ടിപ്പര്‍ ലോറികള്‍ കടന്നുപോകുന്ന പാതയാണിത്. അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

