എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ റീജിയണല്‍ ഓഫീസിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി: എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ റീജിയണല്‍ ഓഫീസിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടി.ഡി റോഡിലെ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 6.50ഓടെയാണ് സംഭവം. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകളക്കം കത്തി നശിച്ചു.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗാന്ധിനഗര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ല. രാവിലെ ബാങ്കില്‍ നിന്ന് പുക ഉയരുന്നതുകണ്ട സൈക്കിള്‍ യാത്രികനാണ് വിവരം ഫയര്‍ഫോഴ്സിനെ ആദ്യം അറിയിച്ചത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുമ്ബോള്‍ ബാങ്കില്‍ നിന്നും കറുത്ത പുക പുറത്ത് വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ ഷട്ടറുകള്‍ വെട്ടിപ്പൊളിച്ചും ജനല്‍ ചില്ലുകള്‍ തകര്‍ത്തും പുക പുറത്തേക്ക് പോകാന്‍ അവസരമൊരുക്കി. ശേഷം തീയണയ്ക്കുകയായിരുന്നു.

അഞ്ച് യൂണിറ്റുകള്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ റിസപ്ഷന്‍, സെര്‍വര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവയാണ് അഗ്നിക്കിരയായത്. നിരവധി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്തെ കടകളിലേക്ക് തീ പടരാഞ്ഞതിനാല്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം എത്രയാണെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

ബാങ്കില്‍ പണമിടപാടില്ല, സൂക്ഷിക്കുന്നത് രേഖകള്‍ മാത്രം
അഗ്നിക്കിരയായ ബറോഡ ബാങ്കിന്റെ റീജിയണല്‍ ഓഫീസില്‍ പണമിടപാടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രധാനമായും ബാങ്കിന്റെ രേഖകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തീപിടുത്തത്തില്‍ ഇവയെല്ലാം അഗ്നിക്കിരയായി. സെര്‍വര്‍ റൂമിനും തീപിടിച്ചതോടെ കംപ്യൂട്ടറുകളില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും നശിച്ചു. ഏതൊക്കെ ഫയലുകളാണ് കത്തി നശിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. അതേസമയം, ബാങ്കില്‍ കെ.എസ്.ഇ.ബി ജീവനക്കാരും എത്തി. അതേസമയം, മോഷണ ശ്രമത്തിന്റെ സാധ്യതകളൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പറഞ്ഞു.
തീ പടര്‍ന്നത് ജനറേറ്ററില്‍ നിന്നോ ?
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ എത്തുമ്ബോള്‍ ഓഫീസിനുള്ളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചെറിയ ശബ്ദത്തോടെയാണ് ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതേ തുടര്‍ന്ന് ബാങ്ക് കുത്തിത്തുറന്ന് ആദ്യം പുറത്ത് എത്തിച്ചത് ജനറേറ്ററാണ്. ഇതില്‍ നിന്നാണോ തീ പടര്‍ന്നിരിക്കുക എന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. മറ്റ് സാധ്യതകളും അന്വേഷിക്കുന്നുണ്ട്.
