KOYILANDY DIARY.COM

The Perfect News Portal

ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി ടെസ്റ്റ് മെഷീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി നിലവില്‍വന്ന ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി ടെസ്റ്റ് മെഷീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ പാത്തോളജി വിഭാഗം മേധാവി ഡോ. പി.പി. സതി വിശദീകരിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാര്‍, ഐ.എം.സി.എച്ച്‌. സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അര്‍ബുദം പലതരത്തിലുണ്ട്. അതില്‍ ഏതുതരം രോഗമാണെന്ന് തിരിച്ചറിഞ്ഞാലേ അതിനനുസരിച്ചുള്ള മരുന്നുകള്‍ നല്‍കിത്തുടങ്ങാനാവൂ. ഇപ്പോള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇത് ജീവനക്കാര്‍ നേരിട്ടാണ് ചെയ്യുന്നത്. മെഷീന്‍ വരുന്നതോടെ ഏതാണ്ട് ഒരുദിവസം മുഴുവനായും വേണ്ടിവന്നിരുന്ന ടെസ്റ്റ് മൂന്നുമണിക്കൂറിനുള്ളില്‍ തീരും. ഇതുവരെ ആഴ്ചയില്‍ 20-നും 40- നും ഇടയില്‍ മാത്രമേ നിഗമനം നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഒരു ദിവസത്തില്‍ ഒരേസമയം 30 പരിശോധനകള്‍ നടത്താന്‍ പുതിയ മെഷീനിലൂടെ സാധിക്കും.

Advertisements

ഒരു അവയവത്തിന് പിടിപെട്ട അര്‍ബുദം ഓരോ രോഗികളിലും ഓരോ രീതിയിലാണ് ബാധിക്കുക. ഓരോരുത്തര്‍ക്കും ഓരോതരം മരുന്നുകളാണ് നല്‍കുന്നത്. കൃത്യമായ രോഗനിര്‍ണയം പെട്ടെന്നുതന്നെ നടന്നാല്‍ അനാവശ്യ മരുന്നുകള്‍ കഴിക്കുന്നതില്‍നിന്ന് രക്ഷപ്പെടാനും സാധിക്കും. സ്വകാര്യ ആസ്​പത്രികളില്‍ മെഡിക്കല്‍ കോളേജിലുള്ളതിനേക്കാള്‍ മൂന്നിരട്ടിയിലധികം തുകയാണ് ഇതേ പരിശോധനയ്ക്ക് ഈടാക്കുന്നത്.

അര്‍ബുദം തുടക്കത്തിലേ കണ്ടെത്താന്‍ പെറ്റ് സ്കാന്‍

പ്രാരംഭഘട്ടത്തില്‍ത്തന്നെ അര്‍ബുദം കണ്ടെത്താനും ചികിത്സ ആരംഭിക്കാനും സഹായകമാവുന്ന സി.ടി. സ്കാന്‍ മെഷീനും മെഡിക്കല്‍ കോളേജില്‍ ഉടന്‍ എത്തും. പോസിട്രോണ്‍ ഇമിഷ്യന്‍ ടൊമോഗ്രാഫി എന്ന പേരിലുള്ള സ്കാനിങ് മെഷീന്‍ സംസ്ഥാനത്തെ മറ്റൊരു മെഡിക്കല്‍ കോളേജിലും ഇതുവരെ എത്തിയിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *