KOYILANDY DIARY.COM

The Perfect News Portal

വില്‍പനയ്ക്കായി ലോറിയില്‍ എത്തിച്ച പന്നിക്കൂട്ടത്തില്‍ പലതും ചത്തനിലയില്‍

കോട്ടയം: പന്നിയിറച്ചി വ്യാപാരത്തില്‍ നടക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ മാസങ്ങളായി പലകോണുകളില്‍നിന്ന് ആരോപണങ്ങളും മറ്റും ഉയര്‍ന്നെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കുവാന്‍ അധികാരികള്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ ഇതിനെയെല്ലാം ശരിവെക്കുന്ന സംഭവമാണ് വൈക്കത്തിനടത്തുള്ള വല്ലകത്ത് നടന്നത്.

വില്‍പനയ്ക്കായി തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ച പന്നിക്കൂട്ടത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ഉടന്‍ തന്നെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാബു പി. മണലൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, എ. ഐ.വൈ.എഫ് നേതാക്കളായ പി. പ്രദീപ്, അഡ്വ. എം. ജി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ലോറിക്കുചുറ്റും തടിച്ചുകൂടി.

വാഹനത്തിലുണ്ടായിരുന്ന പന്നികള്‍ പലതും ചത്തനിലയിലായിരുന്നു. ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അന്‍പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്. ഉല്ലലയിലെ വന്‍കിട ഇറച്ചി വില്‍പന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ നിന്നാണ് കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത്. ഇതിനിടെ പന്നികളെ വാങ്ങാന്‍ എത്തിയ ആളുകളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

Advertisements

ഇയാള്‍ വന്ന ബൈക്ക് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. അതേസമയം, വില്‍പനക്കെത്തിച്ച പന്നികളില്‍ ജീവനുള്ളവയില്‍ പലതും രോഗം ബാധിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉല്ലലയിലെ ഫാമിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉടമ പറയുന്നു. ചത്ത പന്നികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ യഥാര്‍ത്ഥ കാരണം പറയാന്‍ സാധിക്കില്ലെന്ന് ഉദയനാപുരം പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *