കാപ്പാട് കടൽ ഉൾവലിഞ്ഞത് ജനങ്ങളെ ആശങ്കയിലാഴ്ത്തി

കൊയിലാണ്ടി:തീരപ്രദേശങ്ങളിൽ കടൽ ഉൾവലിഞ്ഞത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇന്നലെ
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കടൽ ഉൾവലിയാൻ തുടങ്ങിയത്. ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, കണ്ണൻ കടവ്, ഏഴു കുടിക്കൽ, കൊയിലാണ്ടി മേഖലകളിലാണ് കടൽ ഉൾവലിഞ്ഞത്.
കാപ്പാട് തീരത്ത് 500 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പൊയിൽകാവ്, കൊയിലാണ്ടി ഭാഗങ്ങളിൽ 100 മീറ്ററോളം കടൽ ഉൾവലിഞ്ഞു. വിവരമറിഞ്ഞ് കൊയിലാണ്ടി, സി.ഐ.കെ.ഉണ്ണി കൃഷ്ണൻ, എസ്.ഐ.സി.കെ.രാജേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തീരപ്രദേശത്തുണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റി.

കടൽ ഉൾവലിഞ്ഞതോടെ തീരങ്ങളിൽ ഏട്ട അടക്കമുള്ള മൽസ്യങ്ങൾ കരയ്ക്കടിഞ്ഞു. ഇവ ശേഖരിക്കാൻ എത്തിയവരെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. തീരപ്രദേശത്തെ സംഭവങ്ങൾ അറിഞ്ഞ ഉടനെ റവന്യൂ സംഘവും, ജനപ്രതിനിധികളും തിരപ്രദേശത്തെക്ക് എത്തി. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഓഖി ച്ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നത് കാരണം കാലത്ത് മുതൽ തന്നെ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. തിരമാലകളും ശക്തമായിരുന്നു.

