KOYILANDY DIARY

The Perfect News Portal

സഞ്ചാരികളുടെ ഇഷ്ടതീരമായി മാറുകയാണ്‌ ഉരുപുണ്യകാവ് ക്ഷേത്രം

കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉരുപുണ്യകാവ് ക്ഷേത്രം. കരിമ്പാറക്കൂട്ടങ്ങളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടലോരം.

മൂടാടി ഉരുപുണ്യകാവ് കടല്‍ത്തീരം ജില്ലയിലെ പ്രധാന തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രമാകുകയാണ്. ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഈ കടല്‍ത്തീരം മരണാനന്തര ചടങ്ങുകള്‍ക്ക് കീര്‍ത്തികേട്ട സ്ഥലമാണ്. അസ്ഥി ഒഴുക്കാനും വാവ് ബലി തര്‍പ്പണങ്ങള്‍ക്കുമായി നൂറ് കണക്കിനു പേരാണ് ഇവിടെയെത്തുന്നത്. കടല്‍ത്തീരത്ത് അസ്ഥി ഒഴുക്കി, ബലി കര്‍മങ്ങള്‍ ചെയ്ത് ക്ഷേത്രക്കുളത്തില്‍ കുളിച്ചതിന് ശേഷമാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

ക്ഷേത്രവളപ്പിലെ തീര്‍ഥക്കുളങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഉരുപുണ്യകാവ് കുന്നില്‍ കയറിയാല്‍ സൂര്യാസ്തമയം വ്യക്തമായി കാണാം. കുന്നിന്റെ നിറുകയില്‍നിന്ന് നോക്കിയാല്‍ അങ്ങകലെ വെള്ളിയാംകല്ലും നന്തി ലൈറ്റ് ഹൗസ് ദൃശ്യമാവും. കൊയിലാണ്ടി നഗരകാഴ്ചകളും ഇവിടെനിന്ന് ആസ്വദിക്കാം. ടൂറിസം സാധ്യത ഏറെയുള്ള സ്ഥലമാണ് ഉരുപുണ്യകാവ് കുന്നും കടല്‍ത്തീരവും.

Advertisements

തൊട്ടടുത്താണ് ലാസ്യമായ പ്രകൃതി ഭംഗിയുള്ള പാലക്കുളം ബീച്ച്. പ്രകൃതി ഭംഗി കൊണ്ട് വിസ്മയമൊരുക്കുന്ന മൂടാടി പാലക്കുളം ബീച്ചും വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നത് കാലങ്ങളോളം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ദൃശ്യങ്ങള്‍. സായാഹ്നങ്ങളില്‍ കുളിര്‍ക്കാറ്റ് തേടിയും മനസ്സിന് സ്വസ്ഥത തേടിയും പാലക്കുളം ബീച്ചിലെത്തുന്നവര്‍ അനവധി. ശ്യാമവര്‍ണമാര്‍ന്ന കൃഷ്ണ ശിലക്കൂട്ടങ്ങള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രകൃതിയൊരുക്കി കൊടുത്ത ഇരിപ്പിടങ്ങളാണ്.

കരിമണല്‍ നിറഞ്ഞ ഈ കടലോരം ബ്ലാക്ക് ബീച്ചെന്നാണ് അറിയപ്പെടുന്നത്. കരിമ്പാറക്കൂട്ടങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഭീമന്‍ ചെങ്കല്‍ക്കൂനയും വിസ്മയ കാഴ്ചയാണ്. കാപ്പാട് ബീച്ച് റോഡ് മൂരാട് വരെ ദീര്‍ഘിപ്പിക്കുമ്പോള്‍ പാലക്കുളം, ഉരുപുണ്യകാവ് തീരങ്ങള്‍ കൂടുതല്‍ സജീവമാകും. പാലക്കുളം ബീച്ചിന്റെയും ഉരുപുണ്യകാവിന്റെയും മനോഹാരിതയ്ക്ക് കോട്ടം തട്ടാതെ തീരദേശ റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ നാട്ടുകാരുടെ ആവശ്യം. ഇതിനനുസരിച്ചുളള ഭാവനാപൂര്‍ണമായ നടപടികളാണ് ഉണ്ടാവേണ്ടത്. ദേശീയപാതയില്‍ മൂടാടി ടൗണിനടുത്ത് നിന്ന് കഷ്ടിച്ച് മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉരുപുണ്യകാവ് തീരത്ത് എത്താം.

Leave a Reply

Your email address will not be published. Required fields are marked *