KOYILANDY DIARY

The Perfect News Portal

ചന്ദ്രനില്‍ വ്യാപകമായ രീതിയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ചന്ദ്രനില്‍ വ്യാപകമായ രീതിയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ഐഎസ്‌ആര്‍ഒയുടെ ആദ്യചാന്ദ്ര ദൌത്യമായ ചാന്ദ്രയാന്‍-ഒന്നിലെ പരീക്ഷണ ഉപകരണമാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍ നടത്തിയത്. ചാന്ദ്രയാന്‍ പേടകത്തിലുണ്ടായിരുന്ന ‘മൂണ്‍ മിനറോളജി മാപ്പര്‍’ ശേഖരിച്ച ഡാറ്റകള്‍ പരിശോധിച്ച ഗവേഷകരാണ് വിവരം പുറത്തുവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനിലെ വിശദമായ ജലഭൂപടവും അവര്‍ തയ്യാറാക്കി. നാസയുടെ പരീക്ഷണ ഉപകരണമായിരുന്നു മൂണ്‍ മിനറോളജി മാപ്പര്‍ (എം-3). ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ചാന്ദ്രയാനിലെ ഉപകരണങ്ങളില്‍നിന്നുള്ള ഡാറ്റകളുടെ ആദ്യപരിശോധനകളില്‍ നേരത്തെ വെളിപ്പെട്ടിരുന്നു. എന്നാല്‍, ഇത്ര വ്യാപകമായ തോതില്‍ ജലത്തിന്റെ വിവിധ രൂപങ്ങളുണ്ടെന്നത് ഇപ്പോഴാണ് പുറത്തുവരുന്നത്. എന്നാല്‍, ജലരൂപങ്ങളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. സൂര്യപ്രകാശം അധികം കടന്നുചെല്ലാത്ത ധ്രുവപ്രദേശങ്ങളില്‍ ജലസാന്നിധ്യമുണ്ടെന്ന് 2000ലാണ് കണ്ടെത്തിയത്.

ശ്രീഹരിക്കോട്ടയില്‍നിന്ന് 2008 ഒക്ടോബര്‍ 22നാണ് പിഎസ്‌എല്‍വി സി-11 റോക്കറ്റില്‍ ചാന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഇന്ത്യയുടെ അഞ്ചെണ്ണമടക്കം 11 ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരുന്നു. നവംബര്‍ എട്ടിന് പേടകം ചാന്ദ്രപഥത്തിലെത്തി. 14ന് മൂണ്‍ ഇംപാക്‌ട് പ്രോബ് എന്ന ഉപകരണത്തെ ചാന്ദ്രപ്രതലത്തിലേക്ക് ഇടിച്ചിറക്കിയുള്ള പരീക്ഷണവും നടത്തി.

Advertisements

ഒരുവര്‍ഷമാണ് ചാന്ദ്രയാന് ആയുസ്സ് പ്രവചിച്ചതെങ്കിലും ഇടയ്ക്കുവച്ച്‌ പ്രവര്‍ത്തനം നിലച്ചു. ആയിരക്കണക്കിന് ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭ്യമാക്കിയശേഷമാണ് നിലച്ചത്.  ഇവ ശാസ്ത്രലോകം പഠനവിധേയമാക്കിക്കൊണ്ടിരി ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *