സഹായത്തിനു കാത്തു നിൽക്കാതെ വിനീഷ് മരണത്തിനു കീഴടങ്ങി

കൊയിലാണ്ടി: പനി ബാധിച്ച് കരളിന്റെയും, വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി. വിയ്യൂർ നരിമുക്ക് വലിയവയൽകുനി വിനീഷാണ് മരണത്തിന് കീഴടങ്ങിയത്. കൊയിലാണ്ടി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.
വിനീഷിന് കരൾ മാറ്റി വെച്ചാൽ മാത്രമേ ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തെ ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ ഓട്ടം വിനീഷിന്റെ ചികിൽസാ സഹായത്തിനായി ഓടിയിരുന്നു.

25 ലക്ഷത്തോളം രൂപ വിനീഷിന്റെ ചികിൽസ്ക്കായി വേണ്ടിയിരുന്നു. നാട്ടുകാരുടെ ആത്മാർത്ഥമായ ഇടപെടൽ ഉണ്ടായെങ്കിലും സഹായത്തിന് കാത്തുനിൽക്കാതെ വിനീഷ് ഇന്നലെ രാത്രി മെഡിക്കൽ കോളേജിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു.

