KOYILANDY DIARY.COM

The Perfect News Portal

ദിലീപിനെതിരെ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. രണ്ട് കുറ്റപത്രങ്ങളില്‍ ഒരുമിച്ച്‌ വിചാരണ നടത്തലാണ് പൊലീസിന്റെ ലക്ഷ്യം. സാഹചര്യത്തെളിവുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. പര്യാപ്തമായ തെളിവുകള്‍ ലഭിച്ചു. മൊബൈലിനായി തെരച്ചില്‍ തുടരുകയാണ്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച്‌ ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍.

തെളിവു നശിപ്പിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ കേസില്‍ 13 പ്രതികളാണുള്ളത്. നടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകും. കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെയുണ്ട്. ഇരുപതു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്. കേസില്‍ ദിലീപിന്റെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു കഴിഞ്ഞു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞുവെന്ന പ്രതീഷ് ചാക്കോയുടെ മൊഴിയിലാണ് ഇപ്പോള്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു പ്രതികള്‍. അനുബന്ധ കുറ്റപത്രത്തില്‍ ജയിലില്‍ ഫോണുപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍, ദിലീപ്, തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാകും പ്രതികള്‍.

Advertisements

അതേസമയം കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യതയുണ്ടെന്നാണ് വിവരം. കേസ് അവസാനഘട്ടത്തിലാണെന്നാണ് സൂചന. പ്രതിയായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും ഏതാണ്ടു പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗൂഢാലോചനയില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തില്‍ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വസ്തുതാപരമായി അഭിഭാഷകര്‍ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *