കൊയിലാണ്ടി ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കണ്ടെയ്നർ ലോറിയിടിച്ച് ക്ലീനർ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസിൽ നിർത്തിയിട്ട ലോറിയിൽ കണ്ടെയ്നർ ലോറിയിടിച്ച് ലോറി ക്ലീനർ മരണമടഞ്ഞു. ഇന്നു പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. കർണ്ണാടക രജിസ്ട്രേഷനിലുള്ള കെ.എ.ഡി. വൺ എ.ഇ.9371 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി ഭാഗത്തേക്ക് നിറയെ നാൽകാലികളെ കയറ്റി പോവുകയായിരുന്നു കണ്ടെയ്നർ ലോറി. അപകടം സംഭവിച്ച ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് കൊയിലാണ്ടി ട്രാഫിക് പോലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി. ലോറിയുടെ മുൻഭാഗത്ത് കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ കട്ടർ ഉപയോഗിച്ച് വെട്ടി പൊളിച്ചെടുത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കൊയിലാണ്ടി ഫയർസ്റ്റേഷനിലെ ലീഡിംങ്ങ് ഫയർമാൻ കെ. പ്രദീപ്, ഫയർമാൻമാരായ വി .വിജയൻ, ടി. വിജീഷ്, ടി. നിഖിൽ, പി. ബിനീഷ്, ഡ്രൈവർ ഹോം ഗാർഡുമാരായ കെ.കെ. നാരായണൻ, കെ.പി. ഹരിദാസൻ തുടങ്ങിയവവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പോലീസും സഹായത്തിനുണ്ടായിരുന്നു. ലോറിയുണ്ടായിരുന്ന നാൽക്കാലികളെ ഇറക്കുന്നതിനിടയിൽ രണ്ടെണ്ണത്തിന് പരിക്ക് പറ്റിയിട്ടുണ്ട്.

