സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവം: ആര്‍എസ്എസ് കാര്യവാഹക് അടക്കം എട്ടുപേര്‍ അറസ്റ്റില്‍

കൂത്തുപറമ്പ് : തൊക്കിലങ്ങാടിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ ആര്‍എസ്എസ് കാര്യവാഹക് അടക്കം എട്ടുപേര്‍ അറസ്റ്റില്‍. സിപിഐ എം ചോരക്കുളം ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ കൂത്തുപറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവുമായ നടുക്കണ്ടി വീട്ടില്‍ കെ ശരത്ത് (24), വളയരക്കണ്ടി വീട്ടില്‍ എ കെ അമല്‍ (19) എന്നിവരെയാണ് ഹര്‍ത്താലിന്റെ മറവില്‍ തൊക്കിലങ്ങാടി ടൌണില്‍വച്ച് വധിക്കാന്‍ ശ്രമിച്ചത്. ഇരുമ്പുവടി, ഇടിക്കട്ട എന്നിവകൊണ്ടുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍എസ്എസ് കാര്യവാഹക് തിരുവനന്തപുരം ബാലരാമപുരം പുന്നക്കുളം വീട്ടില്‍ ഒ ദിനുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഞായറാഴ്ച പകല്‍ മൂന്നരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത്തിനെയും അമലിനെയും ദിനുവും 30 പേരടങ്ങുന്ന ആര്‍എസ്എസ് അക്രമിസംഘവും ചേര്‍ത്ത് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പഴയനിരത്ത്നിന്ന് സിപിഐ എം പ്രവര്‍ത്തകരെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ആക്രമണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് എട്ടുപേരെ അറസ്റ്റുചെയ്തു.

ദിനുവിന് പുറമെ കൂത്തുപറമ്പ് ജാനകി ഫിനാന്‍സിലെ പി ബിനോയി, നിര്‍മലഗിരിയിലെ കിളങ്ങാത്ത് വീട്ടില്‍ എം റിനീഷ്, ആമ്പിലാട് നാമത്ത്വീട്ടില്‍ കെ സിജേഷ്, പാലാപറമ്പ് ഷൈനി നിവാസില്‍ എം എ ഷൈലേഷ്, തൊക്കിലങ്ങാടിയില്‍ കേശവ വസുമതിയില്‍ അരുണ്‍ബാബു, കൂത്തുപറമ്പ് നെല്ലിക്ക ഹൌസില്‍ ജിയേഷ്, പാലായിലെ അമല്‍രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെറുവാഞ്ചേരി, കോലാക്കാവ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍നിന്ന് സംഘടിച്ചെത്തിയ ആര്‍എസ്എസ്സുകാര്‍ മാരകായുധങ്ങളുമായി പാലാപറമ്പില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

