സേവാഭാരതി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് കാരുണ്യത്തിന്റെ വേദിയായി മാറി

കൊയിലാണ്ടി: സേവാഭാരതി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് കാരുണ്യത്തിന്റെ വേദിയായി മാറി. ജനങ്ങൾക്ക് കുടിവെള്ളത്തിനായി രശ്മി നൽകിയ സ്ഥലം, വയോജന പദ്ധതിക്കായി ശ്രീമതി സിന്ധു സുരേഷ് ബാബു നൽകിയ 65 സെന്റ് സ്ഥലം, കൊല്ലംപറമ്പത്ത് ഉണിച്ചിരാമ്മയുടെ സ്മരണയ്ക്കായി മകൻ സമർപ്പിച്ച പാലിയേറ്റീവ് വാഹനത്തിന്റെയും സമർപ്പണമാണ് കാരുണ്യത്തിന്റെ വേദിയായി മാറിയത്.
ചടങ്ങിൽ പന്തലായനി നീലാംബരിയിൽ കെ.എം.നാരായണൻ വീൽ ചെയറും സമർപ്പിച്ചു. സേവാഭാരതി ജില്ലാ രക്ഷാധികാരിയും റിട്ട. പോലീസ് സൂപ്രണ്ടുമായ എൻ.സുഭാഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. വി.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. 60 തവണ രക്തദാനം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.വി.പി. ശശിധരനെ സുഭാഷ് ബാബു ആദരിച്ചു.

നിസാർത്ഥമായ സേവാ പ്രവർത്തനത്തിലൂടെ മഹത്തായ കാരുണ്യ പ്രവർത്തനങ്ങളാണ് സേവാഭാരതി ചെയ്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രിയ സ്വയംസേവക സംഘം പ്രാന്തീയ ഭൗതിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എൻ. ഹരിദാസ് സേവാ സന്ദേശം നൽകി.

കോഴിക്കോട് ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി തലശ്ശേരി ഗവ.ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകൾ രക്തം ശേഖരിക്കാനെത്തി. കോളേജ് വിദ്യാർത്ഥികളടക്കം 200 ഓളം പേർ രക്തദാനം നടത്തി. രക്തദാനം നടത്താനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

കെ.എം.രജി, തൃശ്ശൂർ അമൃതാനന്ദമയീ മഠം ബ്രന്മ ചാരിജയശങ്കർ, എ അസീസ് മാസ്റ്റർ, അഡ്വ.സുനിൽ മോഹൻ, ബ്ലഡ് ഡോണേർസ് ഫോറം സംസ്ഥാന പ്രസിഡണ്ട് ഗണേശൻ അഡ്വ.വി.സത്യൻ, കെ.എം. രാജീവൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ.കെ. മുരളി, അയ്യപ്പ സേവാസമാജം അഖി. സംഘടനാ സെക്രട്ടറി ഈറോഡ് രാജൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
