KOYILANDY DIARY

The Perfect News Portal

ഒരുമിച്ച്‌ ജീവിച്ചതിലും അധികം കാലം മഞ്ഞില്‍ മൂടിയ അവരുടെ മൃതദേഹങ്ങളും ഒരുമിച്ചായിരുന്നു

ജനീവ: ഒരുമിച്ച്‌ ജീവിച്ചതിലും അധികം കാലം മഞ്ഞില്‍ മൂടിയ അവരുടെ മൃതദേഹങ്ങളും ഒരുമിച്ചായിരുന്നു. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയ മാര്‍സിലിന്‍ ഡുമൊലിന്റെയും ഭാര്യയായ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങളാണ് തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്സ് മലനിരയില്‍ കണ്ടെത്തിയത്.

1942 ആഗസ്റ്റ് 15 നാണ് ഇവര്‍ വീടുവിടുന്നത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. 75 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെ കുറിച്ച്‌ എന്തെങ്കിലും വിവരം ലോകമറിയുന്നത്. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്ന രണ്ടും മൃതദേഹങ്ങളും അടുത്തടുത്തായാണ് കാണപ്പെട്ടത്. വെള്ളക്കുപ്പി, പുസ്തകം, വാച്ച്‌ എന്നിവയും കേടുപാടുകള്‍ കൂടാതെ ഇവരുടെ സമീപത്തുണ്ടായിരുന്നു. സ്വിസ് കേബിള്‍കാര്‍ കമ്പനിയാണ് മഞ്ഞില്‍ ഉറഞ്ഞുകിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രം പുറത്തുവിട്ടത്. റിസോര്‍ട്ട് ജീവനക്കാരനാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇവരുടെ മക്കളുടെ നീണ്ടകാല കാത്തിരിപ്പിന് വിരാമമായി.

ഇവരെ കാണാതായതു മുതലുള്ള അന്വേഷണം ഞങ്ങള്‍ ഇന്നും തുടരുന്നുണ്ടായിരുന്നു. അവര്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്കാന്‍ ഞങ്ങള്‍ക്കു കഴിയുമെന്നാണ് വിശ്വാസമെന്നും മാര്‍സിലിന്‍-ഫ്രാന്‍സിന്‍ ദമ്പതികളുടെ ഇളയ മകള്‍ മാര്‍സെലിന്‍ ഉഡ്രി ഡുമോലിന്‍ പറഞ്ഞു. 79 വയസാണ് ഇവര്‍ക്ക്.

Advertisements

രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഉപയോഗിച്ചിരുന്നതിനു സമാനമായ വസ്ത്രമാണ് ഇവര്‍ ധരിച്ചിരിരുന്നത്. 8600 അടി ഉയരത്തില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന രേഖകള്‍ ഇവരുടെ ശരീരത്തില്‍ നിന്നു കിട്ടിയതായി വലേയ്സ് പോലീസ് അറിയിച്ചിരുന്നു. എന്നാലും മൃതദേഹങ്ങള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

ചെരുപ്പുകുത്തിയായ മാര്‍സിലിന്‍ ഡുമൊലിനും അധ്യാപികയായിരുന്ന ഫ്രാന്‍സിനിനും രണ്ട് പെണ്‍കുട്ടികള്‍ അടക്കം ഏഴ് മക്കളായിരുന്നു. ഡുമൊലിനു നാല്പതും ഫ്രാന്‍സിനിന് 37 വയസുള്ളപ്പോഴാണ് ഇവരെ കാണാതാകുന്നത്.

മാതാപിതാക്കളെ കാണാതായതിനെ തുടര്‍ന്ന് ഞങ്ങള്‍ പല വീടുകളിലായാണ് കഴിഞ്ഞിരുന്നത്. ഞാന്‍ എന്റെ ആന്റിക്കൊപ്പമായിരുന്നു. സഹോദരങ്ങളായിരുന്നിട്ടും അപരിചിതരായാണ് സഹോദരങ്ങള്‍ ജീവിച്ചതെന്നും ഉഡ്രി ഓര്‍ത്തെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *