പൊള്ളലേറ്റ് കഴിയുന്നവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു

കോഴിക്കോട്: കോഴിക്കോട് സൗത്ത് എം.എല്‍.എ. ഡോ. എം.കെ. മുനീറിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെയും നിഹാരി മണ്ഡലി എന്ന സന്നദ്ധ പ്രവര്‍ത്തകയുടെയും സഹകരണത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റ് കഴിയുന്നവര്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഈ മാസം 29,30 തീയതികളിലാണ് ക്യാമ്പ്.
ഇതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക്, മെഡിക്കല്‍ കോളേജ് അടക്കം വിവിധ ആസ്പത്രികളിലായി സൗജന്യമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു നല്‍കുക എന്നതാണ് ലക്ഷ്യം. ഹൈദരാബാദില്‍ നിന്നുള്ള നിഹാരി മണ്ഡലി എന്ന യുവതിയാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശരീരം പൂര്‍ണമായും പൊള്ളി വികൃതയായ നീഹാരി ഇന്ന് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ്. അവര്‍ നേതൃത്വം നല്കുന്ന സന്നദ്ധ സംഘടനയും (ബേണ്‍ സര്‍വൈവര്‍ മിഷന്) ഈ സംരംഭത്തില്‍ സഹകരിക്കുന്നുണ്ട്.

പൊള്ളലേറ്റവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മെഡിക്കല്‍ കാമ്ബിന്റെ പ്രചരണത്തിനായും ഇന്ന് രാവിലെ 10ന് മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന ബലൂണ്‍ പറത്തല്‍ പരിപാടിയില്‍ ഐ.എം.എ. മെമ്പര്‍മാര്‍, നഗരത്തിലെ വിവിധ കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരക്കും. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും.

