KOYILANDY DIARY

The Perfect News Portal

രക്തശുദ്ധി വര്‍ദ്ധിപ്പിക്കാനും ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും മാതളനാരങ്ങ

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്. വിവിധതരം കാന്‍സറുകളെ തടയാനും മാതളനാരങ്ങയ്ക്കു കഴിവുണ്ട്. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശകാന്‍സര്‍ എന്നിവയെ തടയും.

മാതളനാരങ്ങയുടെ അല്ലികള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങളില്‍ പറയുന്നു. മാതളനാരങ്ങയില്‍ ആന്റി ഓക്സിഡെന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകളില്‍ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിര്‍ത്താന്‍ മാതളം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധിക്കും.

നിങ്ങളുടെ ശരീരത്തിന് പുറമെ മുറിവോ ചതവോ ഉണ്ടാവുമ്പോള്‍ രക്തം കട്ടപിടിച്ച്‌ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നു. എന്നാല്‍ ഹൃദയമുള്‍പ്പെടെയുള്ള ആന്തരാവയവങ്ങളില്‍ രക്തം കട്ടപിടിച്ചാല്‍ സ്ഥിതി മാറും. മരണം വരെ സംഭവിക്കും. അതിനാല്‍ ശരിയായ രക്തചംക്രമണം അത്യാവശ്യമാണ്. മാതളത്തിലെ ആന്റി ഓക്സിഡെന്റുകള്‍ രക്തശുദ്ധി വര്‍ദ്ധിപ്പിച്ച്‌ ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.

Advertisements

ഇസ്രായേലിലെ ഭറംബാന്‍ മെഡിക്കല്‍ സെന്ററില്‍ അടുത്ത കാലത്ത് നടന്ന പഠനത്തില്‍ മാതളച്ചാര്‍ ദിവസവും കുടിച്ചപ്പോള്‍ രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്ന അവസ്ഥ 90 ശതമാനം കുറഞ്ഞതായി കണ്ടു. മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാമെന്നു വിദഗ്ധര്‍ പറയുന്നു.

നാരുകള്‍, വിറ്റാമിന്‍ എ, സി, ഇ, ബി5, ബി3, ഇരുമ്ബ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലമാണ് മാതളം. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കാനും മലബന്ധം കുറയ്ക്കുന്നതിനും ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണ്.

മാതളനാരങ്ങ അല്‍സ്ഹൈമേഴ്സ്, പൈല്‍സ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നു. ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്‍ക്കലൈന്‍ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തില്‍ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ.

ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും. പിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതു മൂലമുള്ള ശര്‍ദ്ദില്‍, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവ മാറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനും വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിളക്കവും ശരീരക്ഷീണവും കുറയും.

മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും അതിസാര രോഗങ്ങള്‍ക്കെതിരെ ഫലവത്താണ്. മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. പ്യൂണിസിന്‍ എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ് ഇതിന് നിദാനം. വേരിന്റെ തൊലിയിലാണ് പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ് കൂടുതല്‍ ഫലപ്രദം. ഇത് കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കുക വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം.

മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്ബോള്‍ ദാഹം മാറാന്‍ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയില്‍ കുഴച്ച്‌ പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദ്ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച്‌ കുഴമ്ബാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്.

മാതളമൊട്ട് അരച്ച്‌ തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം

Leave a Reply

Your email address will not be published. Required fields are marked *