നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: നടി കാറില്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യേഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ദിലീപിന് പുറമെ സംവിധായകന് നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരേയും ചോദ്യം ചെയ്യാനുള്ള നീക്കമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട് കേസ് നിര്‍ണായക വഴിത്തിരിവിലെത്തി നില്‍ക്കവെയാണ് കൊച്ചി ആലുവ പൊലീസ് ക്ളബില്‍ പൊലീസ് ഉന്നതതല യോഗം ചേര്‍ന്നത്. ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന സൂചനയും പൊലീസ് നല്‍കിയിട്ടുണ്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക കാര്യങ്ങളില്‍ വ്യക്തത കൈവരുത്താനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്.ഒരു നടിയുടെ കൂടി മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.

കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്‍ വിളക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. നാദിര്‍ഷയേയും അപ്പുണ്ണിയേയുമാണ് സുനി ജയിലില്‍നിന്ന് വിളിച്ചിട്ടുള്ളത്. ഗൂഢാലോചന തെളിയിക്കുന്നതിന് ഇവ നിര്‍ണായകമായേക്കും.
