കൊയിലാണ്ടി: ഓറിയോൺ ബാറ്ററിശാലക്കെതിരെയുളള സമരത്തിന് രണ്ട് വയസ്സ്.
മണ്ണും വെള്ളവും, വായുവും, ആകാശവും, വിഷമയമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിലെ ലഡ് അധിഷ്ഠിത റെഡ് കാറ്റഗറിയിൽപ്പെട്ട ബാറ്ററി ശാലക്കെതിരെയുള്ള കർമ്മസമിതിയുടെ സമരം രണ്ട് വർഷം തികയുന്നു. 2015 ജൂൺ 7-ാം തിയ്യതിയാണ് മുചുകുന്ന് നോർത്ത് യു.പി.സ്കൂളിൽ ചേർന്ന് ജനകീയ കൺവെൻഷൻ ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശസ്ത്രസാഹിത്യ പരിഷത്ത് നേതാവ് എം. പി. സി. നമ്പ്യാരാണ് പ്രക്ഷോഭം ഉൽഘാടനം ചെയ്തത്. കർമ്മസമിതിയുടെ ആഭിമുഖ്യത്തിലും, അല്ലാതെയും, പ്രദേശത്തുകാർ നിരവധി പ്രക്ഷോഭ പരിപാടികൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടയിലും, ജനങ്ങളെയും, പഞ്ചായത്തിനെയും വെല്ലുവിളിച്ച് കമ്പനിയുടെ പ്രവർത്തനം തുടങ്ങാനാണ് ഉടമയുടെ നീക്കം.
രാസമാലിന്യമുണ്ടാക്കുന്ന ഫാക്ടറി പൊതുജനാരോഗ്യത്തിന് വൻ ഭീഷണി ഉയർത്തുന്നതാണ്. ബാറ്ററി നിർമ്മാണ ശാല വന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ബാറ്ററി നിർമ്മാണത്തിനു പയോഗിക്കുന്നതിനുള്ള ലെഡും, ലെഡ് ഓക്സസൈഡും വിഷവസ്തുക്കളാണ്. കുറഞ്ഞ അളവിൽ പോലും. ലെഡ് മനുഷ്യ ശരീരത്തിൽ എത്തിയാൽ നാഡീവ്യവസ്ഥയുടെ തകർച്ച, വൃക്കരോഗം, തലച്ചോർ മന്ദീഭവിക്കൽ, കുട്ടികളിൽ ബുദ്ധിമാന്ദ്യം, പഠന വൈകല്യം എന്നിവ സംഭവിക്കുമെന്ന്
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ബാറ്ററി നിർമ്മാണശാലകൾ ജനവാസകേന്ദ്രത്തിൽ പാടില്ലെന്നിരിക്കെയാണ്. ജനങ്ങൾ തിങ്ങി താമസിക്കുന്ന നെരവത്ത് ഹരിജൻ കോളനിയിൽ പാലയാടി മീത്തൽ കോളനി, എന്നിവയുടെ നടുവിലാണ് കമ്പനി സ്ഥാപിക്കുന്നത്. ജനങ്ങൾ തിങ്ങി താമസിക്കുന്ന ചെറുവാനത്ത്’ ഗവൺമെന്റ് കോളേജ്, രണ്ട് അംഗൻവാടികൾ, മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ പഞ്ചായത്ത് കിണർ, കുടിവെള്ള ടാങ്ക് എന്നിവയുണ്ട്.
പുഴയുടെയും ജലാശയങ്ങളുടെയും, 500 മീറ്ററിനുള്ളിൽ ബാറ്ററി നിർമാണശാല പാടില്ലെന്ന് കർണ്ണാടക മലിനീകരണ ബോർഡിന്റെ ഉത്തരവ് നിലനില്കുന്നുണ്ട്. ഇവിടെ അടുത്തുള്ള അകലാപ്പുഴ കായൽ 250 മീറ്റർ ദൂരം മാത്രമാണുള്ളത്. ഇതിനടുത്തായി പുതുകുടി നീർത്തടവും സ്ഥിതി ചെയ്യുന്നു. കുന്നിൽ മുകളിലെ ഫാക്ടറിയിൽ നിന്ന് ലെഡ് കലർന്ന ജലം. ജലാശയങ്ങളിൽ എത്തിച്ചേരുമെന്നുറപ്പാണ്. ഇത് പ്രദേശത്തെ കിണർ ജലം മലിനമാക്കുമെന്നുറപ്പാണ്. എന്നാൽ കമ്പനി മലിനീകരണ നിയന്ത്ര ബോർഡിന് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിൽ കമ്പനിയുടെ സമീപത്ത് വീടുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലെന്നാണ് രേഖപ്പെടുത്തിയത്.
ജനകിയ പ്രക്ഷോഭം ശക്തമായപ്പോൾ കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗം ഭൂജലവകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയോട് കമ്പനി വന്നാൽ ഉണ്ടാകുന്ന പ്രശ്നം പഠിക്കാൻ ചുമതലപ്പെടുത്തിയിരുന്നു ഇതെ തുടർന്ന് ഭൂഗർഭ ജലവകുപ്പ് പഠനം നടത്തി ഈ പ്രദേശത്ത് വളരെ കുറഞ്ഞ അളവിൽ ഭൂഗർഭ ജലാശയമുള്ളൂ എന്നും കമ്പനി വന്നാൽ രൂക്ഷമായ ജലക്ഷാമത്തിന് ഇടവരുമെന്നും, ഉയർന്ന പ്രദേശത്തുള്ള കമ്പനിയുടെ മാലിന്യം പ്രേദേശത്തെ കിണർ മലിനപ്പെടുത്താൻ ഇടയാക്കുമെന്നും കണ്ടെത്തിയിരുന്നു. മലിനീകരണ സാധ്യത ഏറ്റവും കൂടുതലുള്ള വ്യവസായങ്ങളെയാണ് ചുവന്ന പട്ടികയിൽപ്പെടുത്തുന്നത്. ബാറ്ററി നിർമാണശാല പ്രദേശത്ത് സ്ഥാപിക്കുന്നതോടെ ഈ യവും, സൾഫ്യൂറിക് ആസിഡും, മണ്ണിലെക്ക് ഊർന്നിറങ്ങി ഭൂഗർഭ ജലം മലിനപ്പെടുകയും, ഫാക്ടറി പുകയിൽ അടങ്ങിയ ലെഡ് അന്തരീക്ഷത്തിലും പിന്നീട് മണ്ണിലും കലർന്ന് പ്രദേശം മലിനപ്പെടും.
പ്രദേശത്തെ 7, 8 ഗ്രാമസഭകൾ പ്രത്യേകം യോഗം ചേർന്ന് വ്യവസായ ശാല പ്രദേശത്ത് സ്ഥാപിക്കരുതെന്ന് ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി, മനുഷ്യച്ചങ്ങല, പ്രതിരോധ സംഗമം, വിഷുദിനത്തിൽ ഉപവാസം, കലക്ടറേറ്റ് മാർച്ച്, വ്യവസായ വകുപ്പിന്റെ ബോധവൽക്കരണ ക്യാമ്പിലെക്ക് മാർച്ച്, വനിതാ കൺവെൻഷൻ, കുട്ടികളുടെ പ്രതിഷേധ സംഗമം, തുടങ്ങിയ നിരവധി പ്രക്ഷോഭങ്ങളാണ് ഇതിനകം കർമ്മസമിതി നടത്തിയത്.
ശക്തമായ ജനകീയ പ്രക്ഷോഭ അന്തരീക്ഷം നിലനിൽക്കെയാണ് ഇതിനെയൊക്കെ അവഗണിച്ച് കൊണ്ട് കഴിഞ്ഞ മാസം ചേർന്ന ഏകജാലക ക്ലിയറൻസ് ബോർഡ്, അഗ്നിശമന വകുപ്പിന്റെയും, ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിക്കുന്ന മുറയ്ക്ക യൂനിറ്റ് പ്രവർത്തിക്കാനുള്ള ഡീമ്ഡ് സർട്ടിഫിക്കറ്റ് നല്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ബാറ്ററി കമ്പനി അസംബ്ളിംഗ് യൂനിറ്റ് എന്ന പേരിലാണ് വീണ്ടും തുടങ്ങാൻ പോകുന്നത്. എന്നാൽ എന്ത് വിലകൊടുത്തും യൂനിറ്റ് തുടങ്ങാൻ അനുവദിക്കില്ലെന്നാണ് ജനകീയ കർമ്മസമിതിയുടെ തീരുമാനം.