GST : സാധനങ്ങള്‍ക്ക് 8 ശതമാനത്തോളം നികുതി കുറയും

കൊച്ചി: ചരക്കുസേവന നികുതി (GST ) നടപ്പാകുന്നതോടെ ചരക്കുകള്‍ക്ക് ശരാശരി എട്ടുശതമാനത്തോളം നികുതി കുറയുമെന്നാണ് കുരുതുന്നതെന്ന് കേന്ദ്ര നികുതി ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. GST നടപ്പാക്കുന്നതിനു മുന്നോടിയായി കേന്ദ്ര നികുതി കൊച്ചി സോണ്‍ ചീഫ് കമീഷണര്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് GST കമീഷണറേറ്റുകളിലായി ഇതിനകം പുതുതായി രജിസ്റ്റര്‍ചെയ്തത് 20 പേര്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിലവിലുള്ള സെന്‍ട്രല്‍ എക്സൈസ്, വാറ്റ് എന്നിവയില്‍നിന്നായി 80 ശതമാനത്തിലേറെപേര്‍ കേരളത്തില്‍ GST യിലേക്ക് മാറിക്കഴിഞ്ഞു. രണ്ടുമാസത്തിനകം സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ചെയ്യുമെന്നാണ് പ്രതീക്ഷിയെന്നും നാഗേശ്വര റാവു പറഞ്ഞു.

ഉപഭോഗത്തില്‍ മുന്നില്‍നില്‍ക്കുന്ന കേരളത്തിന് GST നടപ്പാകുന്നതോടെ വലിയ നേട്ടമുണ്ടാക്കാനാകും. ഉപഭോഗം നടക്കുന്നിടത്താണ് നികുതി ഒടുക്കേണ്ടിവരിക. കേരളത്തിന്റെ നികുതിവരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകും.

GST രജിസ്ട്രേഷന്‍ നടത്താത്ത വ്യാപാരികള്‍ക്ക് ഉപയോക്താക്കളില്‍നിന്ന് നികുതിത്തുക ഈടാക്കാനാകില്ല. ഇത്തരം വ്യാപാരികള്‍ക്ക് തങ്ങള്‍ ഒടുക്കിയ നികുതിക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനുമാകില്ല. 20 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വ്യാപാരികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വിതരണ ശൃംഖലയിലെ ആര്‍ക്കെങ്കിലും നികുതി ക്രെഡിറ്റ് ഇന്‍വോയ്സ് നിര്‍ബന്ധമാണെങ്കില്‍ ആ ശൃംഖലയിലുള്ളവരെല്ലാം GST യില്‍ രജിസ്റ്റര്‍ചെയ്യാന്‍ നിര്‍ബന്ധിതമാകും.

GST രജിസ്ട്രേഷന്‍ സംബന്ധിച്ച ആശങ്കകളും പരാതികളും പരിഹരിക്കാന്‍ രാജ്യത്ത് 18 മേഖല തിരിച്ച് സേവാകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതിനു പുറമെ മൂന്ന് GST കമീഷണറേറ്റുകളിലും വിദഗ്ധസംഘം അടങ്ങുന്ന പാനല്‍ രൂപീകരിച്ച് സെന്‍ട്രല്‍ പ്രോസസിങ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ അപ്പോള്‍ത്തന്നെ പരിഹരിക്കാന്‍കഴിയുന്ന തരത്തിലാണ് സജ്ജീകരണം. ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി കേന്ദ്ര നികുതിവകുപ്പ് ഹെല്‍പ്ലൈനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നികുതിവകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് മലയാളത്തിലും ഇംഗ്ളീഷിലും GST സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നും നാഗേശ്വര റാവു പറഞ്ഞു.
സെന്‍ട്രല്‍ എക്സൈസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മാത്യു ജോളി, ഓഡിറ്റ് കമീഷണര്‍ മുഹമ്മദ് യൂസഫ്, അപ്പീല്‍ കമീഷണര്‍ വീരേന്ദ്രകുമാര്‍, കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ സുമീത്കുമാര്‍ എന്നിവരും പങ്കെടുത്തു.
