ചരക്കുകപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് തൊഴിലാളികള്‍ മരിച്ച സംഭവം: ഗ്രീക്ക് കപ്പിത്താനടക്കം 3 പേര്‍ അറസ്റ്റില്‍

കൊച്ചി: ചരക്കുകപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച കോസ്റ്റല്‍ സിഐ ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പലിലെത്തി ക്യാപ്റ്റന്‍ ഗ്രീക്ക് പൌരനായ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കന്‍ഡ് ഓഫീസര്‍ ഗാല്‍നോസ് അത്നാനോയസ്, സീമാന്‍ മ്യാന്‍മര്‍ പൌരനായ സെവാന എന്നിവരെ അറസ്റ്റ് ചെയ്തത്.
പുതിയ ക്യാപ്റ്റനെത്തി കപ്പലിന്റെ ചുമതല കൈമാറിയശേഷമായിരുന്നു അറസ്റ്റ്. എമിഗ്രേഷനുമായി ബന്ധപ്പെട്ട ക്ളിയറന്‍സ്കൂടി പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ച രാത്രിതന്നെ ഇവരെ കരയിലെത്തിക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

പനാമ രജിസ്ട്രേഷനുള്ള ആംബര്‍ എല്‍ ചരക്കുകപ്പല്‍ 11ന് പുലര്‍ച്ചെയാണ് തോപ്പുംപടി ഹാര്‍ബറില്‍നിന്ന് പുറപ്പെട്ട പള്ളുരുത്തി സ്വദേശി നാസറിന്‍െ ഉടമസ്ഥതയിലുള്ള കാര്‍മല്‍ മാതാ ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയുംചെയ്തു. കന്യാകുമാരി കുളച്ചല്‍ വണിയക്കുടി സ്വദേശി ആന്റണി ജോണ്‍ (തമ്പിദുരൈ- 59), അസം സ്വദേശി രാഹുല്‍ദാസ് (26) എന്നിവരാണ് മരിച്ചത്. കാണാതായ അസം സ്വദേശിയായ മോദിദാസിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അപകടത്തെത്തുടര്‍ന്ന് കപ്പല്‍ പൊലീസും നാവികസേനയും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കപ്പലില്‍നിന്ന് മറൈന്‍ മെര്‍ക്കന്റയില്‍ വിഭാഗം സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു.

എംഎംഡി വിഭാഗം കപ്പലില്‍നിന്ന് പിടിച്ചെടുത്ത വൊയേജ് ഡേറ്റാ റെക്കോര്‍ഡര്‍ (വിഡിആര്‍), ലോഗ് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക്, ജിപിഎസ് ചാര്‍ട്ട്, ജിപിഎസ് ലോഗ് ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് എന്നിവ പരിശോധിച്ചശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കൈമാറി. കൊച്ചി തീരത്തുനിന്ന് 14.18 നോട്ടിക്കല്‍ അകലെവച്ചാണ് അപകടമുണ്ടായതെന്നും കണ്ടെത്തിയിരുന്നു.
കപ്പല്‍ സഞ്ചരിച്ച പാത ഉപഗ്രഹത്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പാക്കിയത്. കപ്പലില്‍നിന്ന് ലഭിച്ച പെയിന്റ് കാര്‍മല്‍ മാത ബോട്ടിന്റെതാണോ എന്ന് തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
