എംജി സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വീണ്ടും കൂട്ടരാജി

കോട്ടയം: എംജി സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വീണ്ടും കൂട്ടരാജി. സിലബസില്‍ വിഡി സവര്‍ക്കറുടെയും ഇടതു ചിന്തകരുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയെന്നതാണ് ഇവരുടെ പ്രധാന പരാതി. 46 ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ ഭൂരിഭാഗം ചെയര്മാന്മാരും ചാന്‍സിലര്‍ക്ക് രാജികത്ത് കൈമാറി.
ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ ഒഴിവാക്കി ബിരുദ വിഭാഗത്തില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും ചേര്‍ന്ന് ബോര്‍ഡ് ഓഫ് ഫാകല്ടിയെ കൊണ്ട് പുതിയ സിലബസ് പരിഷ്കരണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് എല്ലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്മാരും രാജിവെക്കാന്‍ തീരുമാനിച്ചത്. 46 വിഷയങ്ങളിലെ ഭൂരിഭാഗം ചെയര്മാന്മാരും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ബാക്കിയുള്ളവര്‍ ഉടന്‍ രാജി കൈമാറും.

നേരത്തെ കൊമേഴ്സ് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് രാജിവെച്ചിരുന്നു. നിലവില്‍ യുഡിഎഫ് അനുഭാവം ഉള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസുകളാണ് സര്‍വ്വകലാശാലയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം പുതിയ സിന്‍ഡിക്കേറ്റ് അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഇവര്‍ തയ്യാറാക്കിയ സിലബസ് ഒഴിവാക്കുകയായിരുന്നു. പാഠപുസ്തകങ്ങളിലൂടെ വിഡി സവര്‍ക്കറുടെയും മാര്‍ക്സിയന്‍ ആശയങ്ങളും പഠിപ്പിക്കാനാണ് ഇടതു സിന്‍ഡിക്കേറ്റ് നീക്കമിടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ സിലബസ് സംബന്ധിച്ച തര്‍ക്കം വിദ്യാര്‍ത്ഥികളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.

