KOYILANDY DIARY.COM

The Perfect News Portal

ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാറില്‍ യാത്ര ചെയ്യവേ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും കാലില്‍ കടന്നുപിടിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ജൂണ്‍ 13ന് രാത്രി എട്ടോടെ ആക്കുളത്തിനടുത്താണ് സംഭവം. ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയാണ് യുവതിയുടെ പേരില്‍ കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നതിങ്ങനെ: ടെക്നോപാര്‍ക്ക് ഫേസ് മൂന്നിലെ സ്ഥാപനത്തില്‍ നിന്ന് രാത്രി 7.30ഓടെ ഇറങ്ങിയ യുവതി സ്ഥിരം ഓട്ടോയുടെ അഭാവത്തില്‍ താമസസ്ഥലമായ ജഗതിയിലേക്ക് യൂബര്‍ ടാക്സി വിളിക്കുകയായിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ മാന്യമായി ഇടപെട്ട ഡ്രൈവര്‍ അല്‍പ്പ സമയത്തിനകം പരിചയപ്പെടാന്‍ ശ്രമമാരംഭിച്ചു.

40 കിലോമീറ്റര്‍ വേഗത്തില്‍ ഒഴിഞ്ഞ റോഡിലൂടെ പോകുന്നതിനിടെ ആക്കുളം ഭാഗത്തെത്തിയപ്പോള്‍ സ്വന്തം സീറ്റിന് പിന്നിലേക്ക് പിടിച്ചിരുന്ന ഇടതുകൈ ഉപയോഗിച്ച്‌ യുവതിയുടെ കാല്‍പ്പാദത്തില്‍ കടന്നുപിടിച്ചു. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് കാര്‍ പെട്രോള്‍ പമ്പിനടുത്തേക്ക് മാറ്റി നിര്‍ത്തുകയും യുവതി ഇറങ്ങുകയും ചെയ്തു. ഡ്രൈവര്‍ യാതൊരു വികാരവുമില്ലാതെ ക്ഷമ ചോദിച്ച്‌ പോയി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയാണ് യുവതി തിരികെ വീട്ടിലെത്തിയത്.

Advertisements

യൂബറില്‍ പരാതി അറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാല്‍ പരാതി കൊടുക്കാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിക്കായി സംഘടന ഇടപെട്ടാണ് പരാതി കൊടുത്തത്. വൈകി യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *