KOYILANDY DIARY.COM

The Perfect News Portal

ചോറോട് പഴയ റെയിൽവേ ഗേറ്റ് റോഡിലാകെ വാരിക്കുഴികൾ

വടകര: ചോറോട് പഴയ റെയിൽവേ ഗേറ്റ് റോഡിലാകെ വാരിക്കുഴികൾ. ചോറോട് മേല്പാലം തുറന്നതോടെ റെയിൽവേ ഗേറ്റ് എക്കാലത്തേക്കുമായി അടച്ചു. മെയിൻ റോഡ് ഇല്ലാതായെങ്കിലും പൈപ്പ്‌ലൈൻ റോഡിന്റെ സ്ഥിതിയാണ് കഷ്ടം. പതിനഞ്ചു വർഷത്തിലധികമായി റോഡ് കുണ്ടും കുഴിയും നിറഞ്ഞു കിടക്കുന്നു.

പഴയ ഗേറ്റിന്റെ മുന്നിലും പരിസരത്തും ആളെ വീഴ്ത്തുന്ന വൻ കുഴികളാണ്. ഇവിടെ നിന്ന് രണ്ടു ഭാഗത്തേക്കും പോയാൽ വിദ്യാലയങ്ങളുണ്ട്. ചോറോട് നിന്ന്കൈനാട്ടി, ഓർക്കാട്ടേരി ഭാഗത്തേക്ക് ദേശീയ പാത ഒഴിവാക്കി സഞ്ചരിക്കാനുളള എളുപ്പ വഴി കൂടിയാണിത്. ദേശീയ പാതയിലും കുറ്റ്യാടി സംസ്ഥാന പാതയിലും ഗതാഗത തടസമുണ്ടായാൽ വാഹനം തിരിച്ചു വിടുന്നതും ഇതുവഴിയാണ്.

എന്നാൽ മേല്പാലം വന്ന ശേഷം ഒരിക്കൽ പോലും കുഴിയടക്കുന്നില്ലെന്ന് മാത്രമല്ല റോഡിന്റെ കാര്യം ആരും തിരിഞ്ഞു നോക്കുന്നുമില്ല. ഇതിനപ്പുറം പൈപ്പ് റോഡിന്റെ കുറെ ഭാഗം എംഎൽഎ ഫണ്ട് ഉപയോഗിച്ച് ടാറിട്ടിരുന്നു. അതും മുഴുമിപ്പിച്ചിട്ടില്ല. ഒരു വ്യവസായ സ്ഥാപനത്തിന് സമീപം വരെയേ നന്നാക്കിയുളളൂ. ബാക്കി ഭാഗം ചെളിക്കളമായി കിടക്കുകയാണ്.

Advertisements

വളളിക്കാട് ഭാഗത്തു നിന്നും ഈറോഡിൽകൂടി പോകാനെത്തുന്നവർ പാതി വഴിയിൽ നിന്നും തിരിച്ചു പോകുന്നു. അതേ പോലെ ചോറോട് ഭാഗത്തു നിന്നുളളവരും റോഡിൽ ടാറിട്ടഭാഗം വരെ എത്തി തിരിച്ചു പോകണം. പൊതുമരാമത്ത് വകുപ്പ് അനുബന്ധ റോഡിലെ കുഴികളും കാണുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതു കൊണ്ട് ഗ്രാമ പഞ്ചായത്തിന് അറ്റകുറ്റപ്പണി നടത്താനുമാവുന്നില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *