KOYILANDY DIARY

The Perfect News Portal

കടല്‍ അക്രമാകാരിയാണെന്ന് പറഞ്ഞാല്‍ കേട്ട് നില്‍ക്കാനാവുമോ, നവമാധ്യമങ്ങള്‍ ഹൃദയം കൊണ്ടേറ്റെടുത്ത ഒരു വീഡിയോ..

കടലമ്മ കള്ളിയാണ്, കടല്‍തീരത്ത് പോയാല്‍ നാമാദ്യം എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. ഇപ്പോളും ഇതെഴുതുന്നവരുമുണ്ടാകും. തിരയെത്തുന്നതിന് തൊട്ടുമുന്‍പെഴുതും. ഇത് വായിച്ച് ഇഷ്ടപ്പെടാത്ത കടലമ്മ തിരയടിച്ച് ഇത് മായ്ക്കുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ കാലം മുന്നോട്ടുപോകുമ്പോള്‍ എഴുത്ത് മാത്രമല്ല, തനിക്കെതിരായ റിപ്പോര്‍ട്ടിംഗ് പോലും കടലമ്മ തടയുമെന്ന് അഭിപ്രായപ്പെടുകയാണ് നവമാധ്യമങ്ങള്‍.

കടല്‍ അക്രമാകാരിയാണെന്ന് പറഞ്ഞാല്‍ പിന്നെ കേട്ട് നില്‍ക്കാനാവുമോ, അല്ലേ? നവമാധ്യമങ്ങള്‍ ഹൃദയം കൊണ്ടേറ്റെടുത്ത ഒരു വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിംഗായിരുന്നു. കടലെടുത്ത മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ് ഇന്ന് നവമാധ്യമങ്ങളിലെ ഇന്നത്തെ താരം. ആലപ്പുഴയില്‍ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ എംഎസ് അനീഷ്‌കുമാറാണ്, റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയുടെ യഥാര്‍ത്ഥ ഭീകരതയ്ക്ക് സ്വയം ഇരയായത്.

ഇവിടുത്തെ വീടുകള്‍ കടലെടുത്തിട്ട് ദിവസങ്ങള്‍ കഴിയുന്നു. തലചായ്ക്കാന്‍ ഇടവുമില്ല, ആഹാരവുമില്ല, അധികൃതരാണെങ്കില്‍ തിരിഞ്ഞുനോക്കിയിട്ടുമില്ല ഇതായിരുന്നു അനീഷിന്റെ സൈന്‍ ഓഫ് ടെക്സ്റ്റ്. തങ്ങളെ കുറ്റം പറയുന്നതുകൊണ്ടോ എന്തോ അധികൃതരുടെ കാര്യം പറയുന്നതിന് മുന്‍പേ കടലങ്ങ് ആഞ്ഞടിച്ചു. ഫലമോ കയ്യിലെ ചാനല്‍കുട പൊളിഞ്ഞു, എങ്കിലും അനീഷ് തിരിഞ്ഞുനോക്കാതെ തന്നെ അധികൃതര്‍ തിരിഞ്ഞുനോക്കാത്ത വിവരം റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഓഫീസിലെ പ്രാദേശിക ഗ്രൂപ്പുകളിലോടിയ വീഡിയോ ഇന്ന് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. തിരയടിച്ചിട്ടും അധികൃതരുടെ അവഗണന പറഞ്ഞതിന് ഇദ്ദേഹത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. ‘തിരിഞ്ഞ് നോക്കാത്ത അധികൃതര്‍ക്കെതിരെ തിരിഞ്ഞ് നോക്കാതെ സംസാരിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്നായിരുന്നു കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ സംഭവത്തോട് പ്രതികരിച്ചത്. ആലപ്പുഴ നീര്‍ക്കുന്നത്തായിരുന്നു സംഭവം നടന്നത്.

Advertisements

സംഭവത്തെക്കുറിച്ച് അനീഷ്‌കുമാര്‍ പറയുന്നതിങ്ങനെ.

കടല്‍ അതിന്റെ എല്ലാ രൗദ്രഭാവത്തോടെയും ആഞ്ഞടിച്ച നീര്‍ക്കുന്നത്ത് ഞാനും ക്യാമറാമാന്‍ പ്രശാന്തും എത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. കണ്ണു തുറക്കുന്ന നേരം കൊണ്ട് വീടുകള്‍ ഇടിഞ്ഞു താഴുന്നു. ഒരായുസു മുഴുവന്‍ സമ്പാദിച്ചത് കടലെടുത്തത് നോക്കി നില്‍ക്കാന്‍ വിധിയ്ക്കപ്പെട്ട സാവിത്രി, നേരെ നില്‍ക്കാന്‍ പോലും ആവതില്ലാത്ത ഉമ്മറുകുട്ടിയെന്ന വയോധികന്‍ ഇവര്‍ക്കാക്കും കയറിക്കിടക്കാന്‍ ഇടം പോലുമില്ല. ഭക്ഷണം കഴിയ്ക്കാന്‍ പത്തുപൈസയുമില്ല. അയല്‍ക്കാരുടെ കാരുണ്യത്താല്‍ ഒരാഴ്ചയായി ജീവിതം. സൗജന്യ റേഷനില്ല ദുരിതാശ്വാസ ക്യാമ്പില്ല.

സ്‌റ്റോറിയുടെ മുഴുവന്‍ തീവ്രതയും എന്റെ അവസാന വാക്കുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്ദേശിച്ചു. ഫ്രെയ്മില്‍ ഒരു തിരയനക്കമാണ് പ്രതീക്ഷിച്ചത്. പ്രശാന്ത് പല തവണ സൂക്ഷിയ്ക്കണമെന്ന് പറഞ്ഞു. പക്ഷെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ഒരു വലിയ തിര ഉയര്‍ന്നുപൊങ്ങിയത്. വീണു പോവാഞ്ഞത് ഭാഗ്യം. സ്‌റ്റോറിയില്‍ ഈ ഭാഗം ഉള്‍പ്പെടുത്തണമെന്ന് പല സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താതിരിക്കാന്‍ അതൊഴിവാക്കുകയായിരുന്നു. സന്ദേശങ്ങള്‍ കൊണ്ട് ഫോണും ഇന്‍ബോക്‌സും നിറയുന്നു. ഫോണ്‍ താഴെ വെച്ചിട്ടില്ല.. സ്‌നേഹത്തിന് കരുതലിന് ആയിരം നന്ദി.

Leave a Reply

Your email address will not be published. Required fields are marked *