KOYILANDY DIARY

The Perfect News Portal

ഓരോ വര്‍ഷവും നൂറുകണക്കിനാളുകളെ കാണാതാവുന്ന സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം

ജപ്പാനിലെ നിബിഡ വനമായ ഓഗിഹാരയ്ക്കാണ് ഈ കുപ്രസിദ്ധി. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനം അറിയപ്പെടുന്നത് സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം എന്ന പേരിലാണ്. ഓരോ വര്‍ഷവും ഇവിടെ കാണാതാവുന്നത് നൂറുകണക്കിനാളുകളെയാണ്. ജപ്പാന്‍കാര്‍ മാത്രമല്ല, മറ്റ് രാജ്യക്കാരെയും ഇവിടെ കാണാതാകുന്നുണ്ട്.

വര്‍ഷം തോറും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഈ വനത്തില്‍ നിന്ന് കണ്ടെത്തുന്നുണ്ട്. തൂങ്ങി മരിച്ചയാളുകളുടെ മൃതദേഹങ്ങള്‍ കാലുകള്‍ നിലത്ത് മുട്ടിനിന്ന നിലയിലാണ് കാണപ്പെടുകയെന്നതാണ് ആരെയും ഞെട്ടിക്കുന്നത്. ഈ വനത്തിലെ ആത്മഹത്യകളെക്കുറിത്ത് അന്വേഷിക്കാനും ആത്മഹത്യയ്‌ക്കെത്തുന്നവരെ തടയാനുമായി രൂപീകരിച്ച പ്രിവന്‍ഷന്‍ സേനയിലെ പൊലീസുകാരന്‍ രാത്രി ടെന്റില്‍ നിന്നെഴുന്നേറ്റുപോയി ആത്മഹത്യ ചെയ്തുവെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു.


ഓഗിഹാരയുടെ പുറംഭാഗങ്ങളില്‍ പക്ഷികളെയോ മൃഗങ്ങളോയോ കാണാന്‍ കഴിയുന്നത് അപൂര്‍വം. ഉള്‍കാട്ടിലേക്ക് പോകുംതോറും നിശബ്ദ ഭീകരതയുടെ തീവ്രത കൂടും. ഉള്‍കാട്ടിലാകട്ടെ മൃഗങ്ങള്‍ കൊന്നുതിന്ന നിലയില്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടത്തും കാണാം.

Advertisements

പൈന്‍ മരങ്ങളും വെള്ള ദേവദാരു മരങ്ങളും ബോക്‌സ് വുഡ് മരങ്ങളും നിറഞ്ഞ ഈ വനത്തില്‍ വഴിതെറ്റാന്‍ എളുപ്പമാണെന്ന് സ്മിത്ത് സൊനായിന്‍ മാഗസിന്‍ കോളമിസ്റ്റായ ഫ്രാന്‍സ് ലിഡ്‌സ് വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ വഴിതെറ്റി പ്രതീക്ഷ നഷ്ടപ്പെട്ടവരാണോ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സ് ലിഡ്‌സിനും മറുപടിയില്ല.

ജപ്പാനിലെ ഫുജി അഗ്‌നി പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് 7,680 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ ആത്മഹത്യാ വനം. ജപ്പാന്റെ പുരാണ പഠനമനുസരിച്ച് ഓഗിഹാര അറിയപ്പെടുന്നത് പ്രേതങ്ങളുടെ വനം എന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഉബാസുട്ടേ ആചാരമനുസരിച്ച് പ്രായമായവരെയും രോഗബാധിതരായവരെയും ബന്ധുക്കള്‍ ഈ വനത്തില്‍ ഉപേക്ഷിച്ചിരുന്നു.

ഇത്തരമൊരു ചരിത്രം ഓഗിഹാരയ്ക്കുണ്ടെങ്കിലും ഇന്ന് ഈ വനത്തിലെത്തി ആത്മഹത്യ ചെയ്യുന്നവരേറെയും പ്രായാധിക്യമോ രോഗങ്ങളോ തളര്‍ത്തുന്നവരല്ല, മറിച്ച് യുവാക്കളോ മധ്യവയസ്‌ക്കരോ ആണ്. ആത്മഹത്യാ വനത്തിന്റെ ദുരൂഹതയും അതുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *