ഒരു വീട്ടിൽ ഒരു നെൽക്കതിർ പദ്ധതി തുടങ്ങി

പന്തീരാങ്കാവ്: കൊടൽ ഗവ. യു.പി. സ്കൂളിൽ ഒരു വീട്ടിൽ ഒരു നെൽക്കതിർ പദ്ധതി ,സ്കൂളിൽ ഒരു നെൽകൃഷിത്തോട്ടം എന്നിവയുടെ ഉദ്ഘാടനം ഒളവണ്ണ കൃഷി ഓഫീസർ അജയ് അലക്സ് നെൽവിത്തെറിഞ്ഞു നിർവഹിച്ചു. സ്നേഹക്കൂട്ടം കാർഷിക ഗ്രൂപ്പ്, ഒളവണ്ണ കൃഷിഭവൻ, ഹരിതശ്രീ സീഡ് ക്ലബ്, ഒരുമ കാർഷികക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ വിദ്യാർത്ഥികൾക്കും നെൽവിത്തുകൾ നൽകി. ജലമാണ് ജീവൻ എന്ന ലഘുലേഖ വിതരണം ചെയ്തു. പ്രധാന അധ്യാപകൻ എം.അബ്ദുൾ ബഷീർ , സ്നേഹക്കൂട്ട് കൺവീനർ ടി. കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സി. ബിജു, ഷൈനി, കെ. പുഷ്പ എന്നിവർ സംസാരിച്ചു.

