കോഴിക്കോട്ടുനിന്ന് കര്‍ണാടകയിലെ വിവിധ നഗരങ്ങളിലേക്ക് 22 കെ.എസ്.ആര്‍.ടി.സി. ബസുകള്‍

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് കര്‍ണാടകയിലെ വിവിധ നഗരങ്ങളിലേക്ക് 22 കെ.എസ്.ആര്‍.ടി.സി. ബസുകള്‍. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണിത്. നാല് സര്‍വീസുകള്‍ കോഴിക്കോടുമായി ബന്ധിപ്പിച്ചുകൊണ്ട് ഓടിക്കാനും ധാരണയായിട്ടുണ്ട്.
മൈസൂരു, ബെംഗളൂരു, കെ.ആര്‍. നഗര്‍, കൊല്ലേഗല്‍, വിരാജ്പേട്ട എന്നിവിടങ്ങളിലേക്കാണ് കോഴിക്കോട്ടുനിന്ന് നേരിട്ട് ബസുകളുണ്ടാവുക. ബംഗളൂരുവിലേക്ക് നാല് എക്സ്പ്രസ് സര്‍വീസുകള്‍ക്കാണ് ധാരണയായിട്ടുള്ളത്. ഇവ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട്, മൈസൂരു വഴി പോവും. മൈസൂരുവിലേക്കുള്ള 10 സര്‍വീസുകളും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട് വഴിയാണ് ഓടുക. ഇവയില്‍ രണ്ടെണ്ണം എക്സ്പ്രസ് ബസുകളും രണ്ടെണ്ണം ഡീലക്സ് ബസുകളുമായിരിക്കും.

കെ.ആര്‍. നഗറിലേക്കുള്ള രണ്ട് ബസുകളും ഇതേ റൂട്ടിലൂടെ മൈസൂരുവിനെക്കൂടി ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തും. കോഴിക്കോട്-കൊല്ലേഗല്‍ റൂട്ടിലേക്കുള്ള രണ്ട് ബസുകള്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട്, ചാമരാജ് നഗര്‍ എന്നിവ വഴിയാണ്. കോഴിക്കോട്ടുനിന്ന് വിരാജ്പേട്ടിലേക്കുള്ള നാല് ബസുകള്‍ വടകര, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി, കൂട്ടുപുഴ വഴി കടന്നുപോകും.

ആലപ്പുഴനിന്ന് കൊല്ലൂരിലേക്കുള്ള ബസുകള്‍ കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, ചന്ദ്രഗിരി പാലം, തലപ്പാടി, മംഗലാപുരം, ഉഡുപ്പി വഴി സര്‍വീസ് നടത്തും. കൊടുങ്ങല്ലൂരില്‍നിന്ന് കൊല്ലൂരിലേക്ക് പോകുന്നവയും ചമ്രവട്ടംപാലം കടന്ന് കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, തലപ്പാടി വഴി പോകും.

