പലിശരഹിത ഇസ്ലാമിക ബാങ്കിന് കണ്ണൂരില്‍ തുടക്കം കുറിക്കുന്നു
കണ്ണൂര്‍: സിപിഎം പിന്തുണയോടെ സഹകരണരംഗത്ത് പലിശരഹിത ഇസ്ലാമിക ബാങ്കിന് കണ്ണൂരില്‍ തുടക്കം കുറിക്കുന്നു. സി.പി.എം ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ നടന്ന ന്യൂനപക്ഷ സെമിനാറില്‍ പലിശ രഹിത ബാങ്ക് സംവിധാനം തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം.ഷാജര്‍ കോ-ഓഡിനേറ്ററും കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച മുന്‍ ഡി.സി.സി. സെക്രട്ടറി ഒ.വി.ജാഫര്‍ ചെയര്‍മാനുമായ ന്യൂനപക്ഷ സാംസ്‌കാരിക കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ പലിശരഹിത സഹകരണ ബാങ്കിന് തുടക്കമിടുന്നത്.

ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇസ്ലാമിക് ബാങ്കിങ് സംവിധാനത്തോട് അനുകൂല സമീപനമാണുള്ളത്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സംരംഭത്തിന്റെ തുടക്കം.

കണ്ണൂര്‍ ജില്ലയിലെ 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികള്‍ ഉള്‍പ്പെട്ടതാണ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. മുസ്ലിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും സംയുക്തസമിതിയാണിത്. പലിശ സംവിധാനത്തിന് മതപരമായി എതിര്‍പ്പുള്ള സംഘടനകള്‍ ഒത്തുചേര്‍ന്നാണ് സഹകരണ സംഘത്തിന് തുടക്കം കുറിക്കുന്നത്. സി.പി.എമ്മിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തനം.

പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിക ബാങ്കുകള്‍ നന്നായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നിക്ഷേപത്തിന് പലിശ എന്ന സംവിധാനം ഇത്തരത്തിലുള്ള ബാങ്കിന്റെ രീതിയല്ല. കേരളത്തില്‍ ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള പദ്ധതി നേരത്തെ ഉണ്ടായിരുന്നെങ്കിലും നടന്നില്ല.
ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള ആവശ്യം റിസര്‍വ് ബാങ്കിനോട് ഉന്നയിച്ച ഏക സംസ്ഥാനം കേരളമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഈ നിര്‍ദേശം റിസര്‍വ് ബാങ്കിന് മുന്നില്‍ വെച്ചെങ്കിലും അതില്‍ നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തള്ളുകയായിരുന്നു. 2011-ല്‍ അന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസകും ഇസ്ലാമിക ബാങ്ക് തുടങ്ങുന്ന കാര്യം ബജറ്റില്‍ പറഞ്ഞിരുന്നു. പക്ഷേ, നടന്നില്ല.
നിലവിലെ നിയമമനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങാനാകില്ലെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരേണ്ടി വരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. അതേസമയം സഹകരണ സംവിധാനത്തില്‍ പലിശരഹിത ബാങ്ക് നടപ്പാക്കാന്‍ പറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് അക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്.



