താലൂക്കിലെ റേഷൻ വിതരണം മുടങ്ങുന്നു

കൊയിലാണ്ടി: താലൂക്കിലെ റേഷൻ കടകളിൽ മെയ് മാസത്തിൽ വിതരണം നടത്തുന്നതിനായി ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള വിതരണം ഈ മാസമാണ് ആരംഭിച്ചത്. എന്നാൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് റേഷൻ കടകളിൽ ഭാഗികമായേ അരി എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കരിവണ്ണൂരിലെ പുതിയ ഗോഡൗണിൽ നിന്നാണ് താലൂക്കിലേക്കുള്ള റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നത്. 256 കടകളിൽ 200 – എണ്ണത്തിൽ മാത്രമെ പ്രയോറിറ്റി വിഭാഗത്തിനുള്ള അരി എത്തിച്ചിട്ടുള്ളൂ. ബാക്കിയുള്ള കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ ഇതുവരെ കടകളിൽ എത്തിയിട്ടില്ലെന്നു അസ്സോസിയേഷൻ സംസ്ഥാന സിക്രട്ടറി പി.പവിത്രൻ പറഞ്ഞു.

