വീടെന്ന ആവശ്യവുമായി കൊച്ചു പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ മുന്നില്‍
ഇടുക്കി : ചോര്‍ന്നൊലിക്കുന്ന കൊച്ചു കൂരയ്ക്ക് പകരം സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയുന്ന ഒരു കൊച്ചുവീടു വേണം. ഇടുക്കി കട്ടപ്പനയില്‍ നടന്ന പട്ടയവിതരണ മേളയ്ക്കിടെയാണ്, ഒരു വീടെന്ന ആവശ്യവുമായി കൊച്ചു പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ഈറനണിഞ്ഞ കണ്ണുകളോടെ മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അനൂഷയെന്ന 13 കാരി തന്റെ ചെറിയ ആഗ്രഹം വ്യക്തമാക്കി.
അനൂഷയുടെ ആവശ്യം കേട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, പുഞ്ചിരിയോടെ തോളത്തുതട്ടി നിന്റെ വീടിന്റെ കാര്യമല്ലേ… നമുക്ക് ശരിയാക്കാമെന്ന ഉറപ്പു നല്‍കി ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ച്, കണ്ണുതുടച്ച് അവള്‍ അമ്മയുടെ അരികിലേയ്ക്ക് മടങ്ങി. പുതിയ വീട് സ്വപ്‌നം കണ്ട് …

കൊച്ചുതോവാള കുന്നേല്‍ ഷാജി ബീന ദമ്പതികളുടെ മകള്‍ അനൂഷയാണ് നല്ലൊരു വീടില്ലാത്തതിന്റെ ദുഃഖം മുഖ്യമന്ത്രിക്കു മുന്നില്‍ പങ്കുവച്ചത്. കട്ടപ്പന നഗരസഭ 11ാം വാര്‍ഡില്‍ താമസിക്കുന്ന അനുഷയുടെ അച്ഛന്‍ ഷാജി കൂലിപ്പണിക്കാരനാണ്. അമ്മ ബീന ആശ വര്‍ക്കറും. ഇഷ്ടിക ഉപയോഗിച്ച് നിര്‍മിച്ച ഷീറ്റ് മേഞ്ഞ ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് ഇവര്‍ താമസിക്കുന്നത്. ഒരു വീടിനു വേണ്ടി പല പ്രാവശ്യം നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ വിരോധം മൂലം വാര്‍ഡ് കൗണ്‍സിലര്‍ തടയുകയായിരുന്നെന്നാണ് ഈ കുടുംബം ആരോപിക്കുന്നത്.

അവഗണനയില്‍ സഹികെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ബീന പറയുന്നു. അമ്മ ബീനയ്ക്കും ചേച്ചി അമലയ്ക്കും ഒപ്പമാണ് അനൂഷ നിവേദനം നല്‍കാന്‍ പട്ടയമേള ചടങ്ങിനെത്തിയത്. പരിപാടിയ്ക്കിടെ മുഖ്യമന്ത്രിക്ക് അനൂഷ നിവേദനം നല്‍കി. എന്നാല്‍ തന്റെ സങ്കടം മുഖ്യമന്ത്രിയോട് നേരിട്ട് പറയാനാകാത്തത്, തിരികെ അമ്മയുടെ അരികിലെത്തിയിട്ടും അനുഷയെ അലട്ടി. ഇതേത്തുടര്‍ന്നായിരുന്നു ധൈര്യം സംഭരിച്ച് അനുഷ വേദിയിലെത്തി തന്റെ ചെറിയ ആഗ്രഹം മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ ഉണര്‍ത്തിച്ചത്.




