ഇല്ലായ്മകള്‍ക്കിടയിലും മികച്ച രീതിയില്‍ പ്ലസ് ടു ജയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ഇല്ലായ്മകള്‍ക്കിടയിലും മികച്ച രീതിയില്‍ പ്ലസ് ടു ജയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മാലൂര്‍ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്‌സീന (17) യാണ് മരിച്ചത്.
ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ റഫ്‌സീന ബയോളജി ഗ്രൂപ്പില്‍ 1200ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു. പരീക്ഷയിലെ റഫ്‌സീനയുടെ നേട്ടമറിഞ്ഞ് മാലൂര്‍ മുസ്ലിം കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

നിട്ടാറമ്പ് ലക്ഷംവീട് കോളനിയില്‍ ഒറ്റമുറി വീട്ടില്‍ ഉമ്മയോടൊപ്പമാണ് താമസം. ഉമ്മ റഹ്മത്ത് കൂലിവേലയ്ക്കായി പുറത്തുപോയിരുന്നു. വൈകീട്ട് 4.45ഓടെ ഉമ്മ വീട്ടില്‍വന്നുനോക്കിയപ്പോള്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു.

പേരാവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിക്കൃഷ്ണന്‍, മാലൂര്‍ എസ്.ഐ. ടി.വി.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കബറടക്കും.

വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തി. അധ്യാപകരും സഹപാഠികളും കൂട്ടമായെത്തി. ആബുട്ടിയാണ് പിതാവ്. സഹോദരി: മന്‍സീന തിരുവനന്തപുരത്ത് ബി.ഫാം. വിദ്യാര്‍ഥിനിയാണ്. സഹോദരന്‍: മഹ്‌റൂഫ് ബെംഗളുരുവില്‍ കടയില്‍ ജോലിചെയ്യുന്നു.
