വ്യാജ വീഡിയോ: 5 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കുമ്മനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തു

കണ്ണൂര്‍: രാമന്തളിയിലെ ആര്‍എസ്എസ് നേതാവ് ബിജു കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഐപിസി 153 എ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുമ്മനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തത്. രമാന്തളിയിലെ ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് ചൂരക്കാട് ബിജു കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദമായ വീഡിയോ കുമ്മനം പോസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ച കുമ്മനം ഒരു ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ബിജുവിന്റെ കൊലപാതകത്തില്‍ സന്തോഷിച്ച് സിപിഐഎം നടത്തിയ പ്രകടനമാണെന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമാക്കാന്‍ കുമ്മനത്തിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വീഡിയോ വ്യാജമല്ലെന്നും അത് തെളിയിക്കാന്‍ സാധിക്കുമെന്ന നിലപാടിലാണ് കുമ്മനവും പാര്‍ട്ടി നേതാക്കളും. പുറത്തുവിട്ടത് ശരിയായ വീഡിയോ അണെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും കുമ്മനം അഭിപ്രായപ്പെട്ടിരുന്നു.

ഈ മാസം 12 നാണ് പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി നേതൃത്വം തുടക്കം മുതല്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ധന്‍രാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു
