KOYILANDY DIARY.COM

The Perfect News Portal

ഡോ. ഹരിലാൽ ഭാസ്കറിന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബർ 25 ന്  കൊയിലാണ്ടിയിൽ

.
കൊയിലാണ്ടി: ഭാരത സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്റെ കാര്യാലയത്തിന് (OPSA) കീഴിലുള്ള ഐ-സ്റ്റെം (I-STEM) നാഷണൽ കോർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. ഹരിലാൽ ഭാസ്കർ രചിച്ച മൂന്ന് പുതിയ പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 3:30-ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. 
പ്രമുഖ ചരിത്രകാരനും കേരള ജ്യോതി പുരസ്കാര ജേതാവുമായ ഡോ. എം.ആർ. രാഘവ വാര്യർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിക്കും.
പ്രശസ്ത സാഹിത്യകാരനായ കന്മന ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവേക് ചന്ദ്രൻ പുസ്തകങ്ങൾ പരിചയപ്പെടുത്തും. റിട്ട. പി ഡബ്ല്യു ഡി എഞ്ചിനീയർ വി.കെ. കരുണാകരൻ നായർ, റിട്ട. ബി.എസ്.എൻ.എൽ. ഓഫീസർ കേശവൻ കിടാവ്, റിട്ട. ഫെഡറൽ ബാങ്ക് മാനേജർ ചന്ദ്രശേഖരൻ വി.കെ. എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങും.
കെ.കെ. ശങ്കരൻ മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, പി.എച്ച്.എസ്.), വി. ഹരിദാസൻ മാസ്റ്റർ (റിട്ട. അധ്യാപകൻ), വിനീത അനിൽ (സാഹിത്യകാരി), സതീഷ് രാമപുരം (റിട്ട. പ്രധാനാധ്യാപകൻ), ആർ. രാധാകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ), വി.വി. പ്രമോദ് (എൽ.ഐ.സി), സന്തോഷ് കുമാർ (കനറാ ബാങ്ക്) എന്നിവർ പങ്കെടുക്കും.
പ്രകാശിതമാകുന്ന പുസ്തകങ്ങൾ:
1. Tiger Protocol (ഇംഗ്ലീഷ് നോവൽ)
• പ്രസാധകർ: കറന്റ് ബുക്സ്
• പ്രമേയം: ഒരു ത്രില്ലർ നോവലിന്റെ വേഗവും ഉദ്വേഗവും നിലനിർത്തിക്കൊണ്ടുതന്നെ, അധികാരദുർവിനിയോഗവും അഴിമതിയും സാധാരണക്കാരിലും പ്രകൃതിയിലും ഏൽപ്പിക്കുന്ന കടുത്ത ആഘാതങ്ങളെ നോവൽ വിചാരണ ചെയ്യുന്നു. വന്യജീവികളെയോ കാടിനെയോ പശ്ചാത്തലമാക്കിയുള്ള വെറുമൊരു കഥ എന്നതിലുപരി, ഭരണകൂടം, മതപുരോഹിത നേതൃത്വം, രാഷ്ട്രീയ അധികാരകേന്ദ്രങ്ങൾ എന്നിവ മനുഷ്യരിലെ സ്വാഭാവിക നന്മയെ തകർത്ത് എപ്രകാരമാണ് സ്വാർത്ഥതയ്ക്ക് വളമിടുന്നതെന്നും, സമൂഹത്തിലേക്ക് പുതിയ ‘മിഥ്യാ ജീവികളെ’ (അപകടകരമായ മിഥ്യാധാരണകളെയും വ്യാജ നിർമ്മിതികളെയും) അവർ തുറന്നുവിടുന്നതെന്നും നോവൽ തുറന്നുകാട്ടുന്നു.  
2. A House of Many Windows (ഇംഗ്ലീഷ് ചെറുകഥാസമാഹാരം)
• പ്രസാധകർ: കറന്റ് ബുക്സ്
• പ്രമേയം: പത്ത് കഥകളിലൂടെ സമകാലിക സമൂഹത്തിന്റെ സങ്കീർണ്ണമായ യാഥാർഥ്യങ്ങളിലേക്ക് തുറക്കുന്ന പുസ്തകം. ജാതി, ഭാഷ, രാഷ്ട്രീയം, തൊഴിൽ, അധികാരം, ദുരഭിമാനം, അതിജീവനം എന്നിവയോടൊപ്പം സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യജീവിതത്തിലും വ്യക്തിബന്ധങ്ങളിലും വരുത്തുന്ന മാറ്റങ്ങളും കഥകളിൽ ഗൗരവമായി ചർച്ചചെയ്യപ്പെടുന്നു.
3. ഒരു പൂമ്പാറ്റയുടെ ചിറകടി (മലയാള ചെറുകഥാസമാഹാരം)
• പ്രസാധകർ: സൈകതം ബുക്സ്
• പ്രമേയം: ഭൗതികശാസ്ത്രത്തിലെ പ്രശസ്തമായ ‘ബട്ടർഫ്ലൈ ഇഫക്ട്’ (Butterfly Effect) എന്ന ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച ചെറുകഥകളാണിത്. എവിടെയോ സംഭവിക്കുന്ന നിസ്സാരമെന്നു തോന്നുന്ന ഒരു ചെറിയ ചലനം മറ്റൊരിടത്ത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നതാണ് ഈ കഥകളുടെ അന്തർധാര. ചടുലമായ ആഖ്യാനശൈലിയിലൂടെ സുപരിചിതമായ ജീവിതവഴികളിലൂടെ വായനക്കാരെ അനായാസം കൂട്ടിക്കൊണ്ടുപോകാൻ ഈ പുസ്തകത്തിന് സാധിക്കുന്നു.
Share news