പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്ക് ഹൈക്കോടതി സ്റ്റേ. 2007 മുതൽ 19 വർഷമായി സേവനമനുഷ്ഠിച്ചു വന്ന ശുചീകരണ തൊഴിലാളികളായ ശാരദ, ജമീല, ശോഭന, പ്രേമ, ശ്രുതിചന്ദ്രൻ എന്നിവരെ ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് പി. ഗോപിനാഥാണ് വിധി പ്രസ്താവിച്ചത്.

2007-ൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഡിടിപിസി പ്രതിദിനം 82 രൂപ നിരക്കിൽ ഇവരെ നിയമിക്കുകയായിരുന്നു. 2022-ൽ എൽ.ഡി.എഫ് സർക്കാർ ജലസേചന വകുപ്പിന്റെ ഭാഗമാക്കി ദിവസക്കൂലി 675 രൂപയായി വർധിപ്പിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ പിരിച്ചുവിട്ടതെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇത്തരം നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും തൊഴിലാളികൾ വ്യക്തമാക്കി.


പിരിച്ചുവിടൽ വാർത്തയറിഞ്ഞ് സ്ട്രോക്ക് വന്ന ശുചീകരണ തൊഴിലാളി ശാരദ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഈ കേസ് ഒരു മാസത്തിന് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.




