കൃതിക ബസ്സ് ജീവനക്കാർ യാത്രക്കാരിയെ രാത്രി വീണ്ടും പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി
.
കൊയിലാണ്ടി: കൃതിക ബസ്സ് ജീവനക്കാർ യാത്രക്കാരിയെ രാത്രി വീണ്ടും തിക്കോടി സർവ്വീസ് റോഡിൽ ഇറക്കാതെ ഉയരംകൂടിയ (6 വരി പാത) പാതയിൽ ഇറക്കിവിട്ടു. സംഭവത്തിൽ യുവതി പയ്യോളി പോലീസിൽ പരാതി നൽകി. തിക്കോടി പാലൂർ സ്വദേശി കുനിയിൽ വിശാഖം വീട്ടിൽ നീതു ആണ് പോലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകീട്ട് 6.19നാണ് കോഴിക്കോട് സ്റ്റാന്റിൽ നിന്ന് യുവതി ബസ്സിൽ കയറി തിക്കോടിക്ക് ടിക്കറ്റ് എടുത്തത്. എന്നാൽ തിക്കോടി എത്തി ബസ്സ് നിർത്താതായപ്പോൾ യുവതി കണ്ടക്ടറോട് ആവശ്യപ്പെട്ടിട്ടും തിക്കോടിയിൽ ഇറക്കാതെ തിക്കോടി പഞ്ചായത്ത് കഴിഞ്ഞുള്ള പെട്രോൾ പമ്പും കഴിഞ്ഞ് ഉയരപ്പാതയിൽ ഇറക്കിവിടുകയായിരുന്നു. രാത്രി 7.52 ആയപ്പോഴാണ് യുവതിയോട് കൃതിക ബസ് ജീവനക്കാർ ക്രൂരമായി പെരുമാറിയത്.


കഴിഞ്ഞ മാസവും ഇതേ ബസിൽ മറ്റൊരു സ്ത്രീക്ക് സമാനമായ അനുഭവം ഉണ്ടായിരുന്നു. ഇതിനെതിരെ ബസ് ഉടമക്കും ജീവനക്കാർക്കുമെതിരെ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടി എടുത്തിരുന്നു. KL AZ 6696 നമ്പർ കൃതിക ബസ് ആണ് യുവതിയെ വഴിയിൽ ഇറക്കി വിട്ടത്. ടിക്കറ്റ് ഉൾപ്പെടെ തെളിവുമായാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കൊടുത്ത ടിക്കറ്റ് കൃത്രിമമാണോ എന്ന സംശയവും ഉയർന്നിരിക്കുകയാണ്.




