സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി
.
സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് സ്റ്റേ. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അതേസമയം, എഫ്ഐആറിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. പ്രതിഭാഗത്തിന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം. ഹർജി പരിഗണിക്കാത്തിൽ ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചു.

ആരോപണ വിധേയരെ കേൾക്കാതെ ഹർജി തള്ളിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള ആവശ്യമായ അനുമതിയില്ലാതെയാണ് അന്വേഷണം ആരംഭിച്ചതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തേണ്ടിയിരുന്നുവെന്നും ഒറ്റ ദിവസം കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ വിധി സർക്കാരിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയം വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയക്കുമെന്നും വ്യക്തമാക്കി.




