പന്നിയങ്കര എംഡിഎംഎ കേസ്: മുഖ്യപ്രതികളായ യുവതിയും യുവാവും പിടിയിൽ
.
കോഴിക്കോട്: പന്നിയങ്കരയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 168 ഗ്രാം എംഡിഎംഎ കണ്ടെടുത്ത കേസിലെ മുഖ്യപ്രതികളായ യുവതിയും യുവാവും ബംഗളൂരുവിൽ പിടിയിലായി. തൃശൂർ ആട്ടൂർ പാറപ്പുറം സ്വദേശി പനലാപിൽ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (35), കൊല്ലം കോട്ടുക്കല്‍ മഞ്ഞപ്പാറ സ്വദേശി സാഹില മൻസിൽ വീട്ടില്‍ സാഹില (29) എന്നിവരെയാണ് ഫറോക്ക് അസി. കമീഷണര്‍ എം പ്രേംജിത്തിന്റെ ക്രൈം സ്ക്വാഡും നാർകോട്ടിക് സെല്ലും പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടിയത്.

കോഴിക്കോട്, പന്നിയങ്കര, ബേപ്പൂർ, ഫറോക്ക് ഭാഗത്തേക്ക് വിൽപ്പനക്കായി എംഡിഎംഎ കാറിൽ കടത്തുന്നതിനിടെ ഒളവണ്ണ സ്വദേശി കെ സി നവാസിനെ പന്നിയങ്കര പൊലീസും ഡൻസാഫും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നവാസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് ഫാസിലും സാഹിലയുമാണ് എംഡിഎംഎ എത്തിച്ച് നല്‍കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികൾ ബംഗളൂരുവിലുണ്ടെന്ന് മനസ്സിലായത്.

പ്രതികളുടെ ഫോൺ, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മാറാട് ഇൻസ്പെക്ടർ സജു എബ്രഹാം, നാർകോട്ടിക് സെൽ എസ്ഐ എ നിതിന്‍, പന്നിയങ്കര എസ്എച്ച്ഒ എം കെ ബവിത, എസ്ഐ എ പി കൃഷ്ണൻ, എഎസ്ഐ ജെ എസ് സുനിത, എസ്സിപിഒ ജിഷ്ണു, ഡബ്ല്യുസിപി ഒ അജിഷ്മ, സൈബർ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഭാഗ്യ ദാസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ് പന്തീരാങ്കാവ്, സിപിഒ കെ അഖിൽ ബാബു എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.




